മൂന്നാം തവണയും ഷി ജിൻപിങ്, ചൈനയിൽ പ്രസിഡന്‍റായും പാർട്ടി സെക്രട്ടറിയായും തുടരും

ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി (സിപിസി)യുടെ ജനറൽ സെക്രട്ടറിയായി ഷി ജിൻപിങ്‌‌ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായും ഷി തുടരും. ചൈനീസ്‌ പ്രസിഡന്റായ ഷി ഇത്‌ മൂന്നാം തവണയാണ്‌ ജനറൽ സെക്രട്ടറിയാകുന്നത്‌. മാവോയ്‌ക്ക്‌ ശേഷം തുടർച്ചയായി രണ്ടിലധികം തവണ ജനറൽ സെക്രട്ടറിയാകുന്ന ആദ്യ നേതാവെന്ന ചരിത്രനേട്ടവും ഷിയ്‌ക്ക്‌ സ്വന്തം. ലി ക്വിയാങ്‌ ആണ്‌ പുതിയ പ്രധാനമന്ത്രി.

ഞായറാഴ്‌ച ചേർന്ന കേന്ദ്ര കമ്മിറ്റിയുടെ ആദ്യ സമ്പൂർണ യോഗത്തിലാണ്‌ പൊളിറ്റ്‌ ബ്യൂറോയെയും ജനറൽ സെക്രട്ടറിയെയും തെരഞ്ഞെടുത്തത്‌. അടുത്ത അഞ്ചു വർഷത്തേക്ക്‌ പാർടിയെ നയിക്കാനുള്ള കേന്ദ്ര കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. 205 പൂർണ സമയ അംഗങ്ങളും 171 അള്‍ട്ടര്‍നേറ്റ് അംഗങ്ങളും ഉൾപ്പെടെ 376 അംഗ കേന്ദ്ര കമ്മിറ്റിയെയാണ്‌ തെരഞ്ഞെടുത്തത്‌. അച്ചടക്കത്തിനായുള്ള 133 അംഗ കേന്ദ്ര കമീഷനെയും തെരഞ്ഞെടുത്തു. വിപ്ലവത്തിന് ശേഷം മാവോ സെതൂങ്ങ്, ജിയാങ്ങ് സെമിൻ രണ്ട് പേർക്ക് മാത്രമാണ് രണ്ടിൽ കൂടുതൽ തവണ പാർട്ടി തലപ്പത്തേക്കെത്താൻ മുമ്പ് അവസരം ലഭിച്ചത്. ഈ അസാധാരണ അംഗീകാരമാണ് ഷീ ജിൻപിങിലേക്കും എത്തിയത്.