പെൺകുട്ടികൾക്ക്‌ സർവകലാശാല പ്രവേശനം വിലക്കി താലിബാൻ; വ്യാപക പ്രതിഷേധം

പെൺകുട്ടികൾക്ക്‌ സർവകലാശാല പ്രവേശനം വിലക്കി താലിബാൻ. അഫ്ഗാനിസ്ഥാനിലെ താലിബാൻ നിയന്ത്രണത്തിലുള്ള സർക്കാരാണ് പെൺകുട്ടികൾക്ക് സർവകലാശാലകളിൽ പ്രവേശനം നിഷേധിച്ച് ഉത്തരവിറക്കിയത്‌. ഉന്നത വിദ്യാഭ്യാസ മന്ത്രാലയ വക്താവ് സൈനുള്ള ഹാഷിമി ഇക്കാര്യം വാര്‍ത്താ ഏജന്‍സികളോട് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തേ ഹയർ സെക്കൻഡറി സ്കൂളുകളിൽനിന്ന്‌ പെൺകുട്ടികളെ മാറ്റിനിർത്തിയിരുന്നു. വിലക്കിനു പിന്നാലെ അഫ്‌ഗാനിലെ വിവിധ സർവകലാശാലകളിലെത്തിയ പെൺകുട്ടികളെ സായുധസൈന്യം സർവകലാശാലയിൽ പ്രവേശിപ്പിക്കാതെ തടഞ്ഞു. സായുധസേന തടഞ്ഞതിനാൽ പെൺകുട്ടികൾ നിരാശരായി മടങ്ങുന്ന ചിത്രം ബുധനാഴ്‌ച അന്താരാഷ്‌ട്രമാധ്യമങ്ങൾ പുറത്തുവിട്ടു.

താലിബാൻ തീരുമാനത്തെ ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശസംഘടനകളും അപലപിച്ചു. പൗരന്മാരുടെ അവകാശങ്ങൾ അംഗീകരിക്കാത്ത താലിബാനെ അന്താരാഷ്ട്ര സമൂഹത്തിന് അംഗീകരിക്കാനാകില്ലെന്ന് യുഎൻ വ്യക്തമാക്കി. കഴിഞ്ഞമാസം സ്ത്രീകൾക്ക് പാർക്കുകളിലും വ്യായാമകേന്ദ്രങ്ങളിലും പ്രവേശനം നിഷേധിച്ചിരുന്നു.

അതെ സമയം അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെതന്നെ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ കര്‍ട്ടനിട്ട് വേര്‍തിരിച്ച പ്രത്യേക ക്ലാസ് മുറികള്‍ ഏര്‍പ്പെടുത്തുകയും പെണ്‍കുട്ടികളെ വനിതാ അധ്യാപകരോ പഠിപ്പിക്കാവൂ എന്ന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വകശാലകളില്‍ വിലക്കേര്‍പ്പെടുത്തിയത്.