പാക്കിസ്ഥാന്‍ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിതയായി ഡോ. സവീറ പർകാശ്

പാകിസ്താൻ ദേശീയ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജനറൽ സീറ്റിലേക്ക് മത്സരിക്കാൻ പാക് ഹിന്ദു വനിതയും. ബുനർ ജില്ലയിൽ നിന്നുള്ള സവീര പർകാശ് ആണ് ഫെബ്രുവരി 8ന് നടക്കാൻ പോകുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നതെന്ന് പ്രമുഖ പാക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ബുനൈര്‍ ജില്ലയില്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ടിക്കറ്റിലാണ്. സവീറ നാമ നിര്‍ദ്ദേശ പത്രിക നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 35 വർഷമായി പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ അംഗമായ പിതാവ് ഓം പർകാശിന്റെ പാത പിന്തുടർന്നാണ് സവീര രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത്. പിതാവിന്റെ പിന്തുണയും സാന്നിധ്യവുമുള്ള പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ കീഴിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകാനുമെന്ന പ്രതീക്ഷയിലാണ് സവീര.

അബോട്ടബാദ് ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കോളജില്‍നിന്ന് 2022 സവീറ മെഡിക്കല്‍ ബിരുദം നേടിയിട്ടുണ്ട്. സ്ത്രീകളുടെ ഉന്നമനത്തിനും അവരുടെ അവകാശങ്ങള്‍ക്കായും പ്രവര്‍ത്തിക്കാനാണ് താന്‍ ലക്ഷ്യമിടുന്നതെന്നും ബുണറിലെ പിപിപി വനിതാ വിഭാഗത്തിന്റെ ജനറൽ സെക്രട്ടറി കൂടിയായ സവീര പ്രതികരിച്ചു. കാലങ്ങളായി പാകിസ്താനിൽ നിലനിൽക്കുന്ന സ്ത്രീകളോടുള്ള അവഗണനയും വികസന മേഖലകളിലും മറ്റിടങ്ങളിലുമെല്ലാം അവർ അനുഭവിക്കേണ്ടി വരുന്ന അടിച്ചമർത്തലുകളെ ചൂണ്ടിക്കാട്ടുകയും തിരഞ്ഞെടുക്കപ്പെട്ടാൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നും ഡോണിന് നൽകിയ അഭിമുഖത്തിൽ സവീര വ്യക്തമാക്കി.

“അവരുടെ രാഷ്ട്രീയ കക്ഷി ഏതെന്നത് ഈ ഘട്ടത്തിൽ ഒരു പരിഗണന വിഷയമല്ല, സവീരയെ പൂർണ മനസ്സോടെ സ്ഥാനാർഥി ആയി അംഗീകരിക്കുന്നു.”ബുണറിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ളുവന്സര് ഇമ്രാൻ നൗഷാദ് ഖാൻ പറഞ്ഞു. “പരമ്പരാഗത പുരുഷാധിപത്യം ശക്തമായി നില നിൽക്കുന്ന ഇവിടെ സ്റ്റീരിയോടൈപ്പുകൾ അവർ തകർക്കുകയാണ്” അദ്ദേഹം കൂട്ടിച്ചേർത്തു, ബ്യൂണർ പാകിസ്ഥാനുമായി ലയിച്ചതിന് ശേഷം ഒരു സ്ത്രീക്ക് മുന്നോട്ട് പോകാനും തിരഞ്ഞെടുപ്പിൽ മത്സരിക്കാനും 55 വർഷമെടുത്തു എന്ന് തിരിച്ചറിയേണ്ടത് ആവശ്യമാണെന്ന് ഇമ്രാൻ ചൂണ്ടി കാണിച്ചു.ഇസിപിയുടെ സമീപകാല ഭേദഗതികൾ അനുസരിച്ച്, പൊതു സീറ്റുകളിൽ അഞ്ച് ശതമാനം വനിതാ സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തുന്നത് നിർബന്ധമാണ്.