യുക്രെയ്ന് നേരെയുളള ആക്രമണം കടുപ്പിച്ച് പുടിൻ, 84 മിസൈലുകളയച്ചു, പതിനൊന്ന് പേർ കൊല്ലപ്പെട്ടു

റഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന കെർച്ച് പാലം സ്ഫോടനത്തിലൂടെ തകർന്നതിന് പിന്നാലെ യുക്രെയ്ന് നേരെയുളള ആക്രമണം കടുപ്പിച്ച് പുടിൻ. യുക്രെയ്ന് നേരെ റഷ്യ 84 ക്രൂയിസ് മിസൈലുകളയച്ചു. റഷ്യൻ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും ഡസൻകണക്കിന് ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു. തലസ്ഥാനമായ കീവില്‍ മാസങ്ങള്‍ക്കിടെ ആദ്യമായി ഉഗ്രസ്‌ഫോടനങ്ങളാണ് ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുക്രൈനെ ഭൂമുഖത്തുനിന്ന്‌ തുടച്ചുനീക്കാൻ ലക്ഷ്യമിട്ടുള്ള ആക്രമണമാണ്‌ റഷ്യ നടത്തുന്നതെന്ന്‌ യുക്രൈൻ പ്രസിഡന്റ്‌ വ്‌ലാദിമിർ സെലൻസ്‌കി ആരോപിച്ചു. യുക്രൈൻ ആക്രമിക്കാർ റഷ്യ ഇറാന്റെ ഡ്രോണുകൾ ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനു നേരായ ആക്രമണത്തെ അംഗീകരിക്കാനാകില്ലെന്ന്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ പ്രതികരിച്ചു.

കീവ്‌ ഉൾപ്പെടെ വിവിധ നഗരങ്ങളിലായി 75 മിസൈൽ പതിച്ചതായാണ്‌ റിപ്പോർട്ട്‌. വിവിധ ന​ഗരങ്ങളില്‍ വൈദ്യുതിബന്ധം നിലച്ചു. ആക്രമണങ്ങൾ തുടരാമെന്നും ജനങ്ങൾ ബങ്കറുകളിൽ സുരക്ഷിതരായി തുടരണമെന്നും യുക്രൈൻ ജനങ്ങൾക്ക്‌ നിർദേശം നൽകി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. മലയാളി വിദ്യാര്‍ത്ഥികളടങ്കം ബങ്കറുകളിലേക്ക് മാറിയെന്നാണ് റിപ്പോര്‍ട്ട്.

വൈദ്യുതിയും, വെള്ളം, വാർത്താവിനിമയവും വിച്ഛേദിക്കപ്പെടുമെന്നും യുക്രെയ്ൻ പ്രധാനമന്ത്രി ഡെനിസ് ഷ്മിഗൽ അറിയിച്ചു. അതേസമയം ആക്രമണം പ്രതികാര നടപടിയുടെ ആദ്യ എപ്പിസോഡ് മാത്രമാണെന്ന് റഷ്യയുടെ മുൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് മുന്നറിയിപ്പ് നൽകി. ‘ആദ്യ എപ്പിസോഡ് പ്ലേ ചെയ്തു. മറ്റുള്ളവ ഉണ്ടാകും’ എന്ന് ദിമിത്രി മെദ്‌വദേവ് സാമൂഹിക മാധ്യമത്തിലെഴുതിയ കുറിപ്പിലൂടെ പറഞ്ഞു. നിലവിൽ റഷ്യയുടെ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി ഹെഡ് ആണ് മെദ്‌വദേവ്.