ലെബനനില്‍ സന്ദേശങ്ങൾ കൈമാറാനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. സ്ഫോടനങ്ങളിൽ പരിക്കേറ്റ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരമായി തുടരുകയാണ്. അതെ സമയം ലെബനനിലേക്ക് ഇറക്കുമതി ചെയ്ത തായ്‌വാൻ നിർമിത ഇലക്ട്രോണിക് പേജറുകൾക്കുള്ളിൽ സ്‌ഫോടകവസ്തുക്കൾ ഒളിപ്പിച്ചാണ് ഇസ്രായേൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഓപ്പറേഷൻ നടത്തിയതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലെബനനിൽ ഇന്നലെ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് സ്ഫോടനം നടന്നത്. പരുക്കേറ്റ ഭൂരിഭാഗം പേരുടേയും മുഖവും കൈകളും തകര്‍ന്ന നിലയിലാണ്. സംഭവത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ലബനീസ് സർക്കാർ ആരോപിച്ചു. ഹിസ്ബുള്ളയുടെ പുതിയ പേജറുകളുടെ ലിഥിയം ബാറ്ററികളാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ലെബനൻ പരമാധികാരത്തിന്റെ ലംഘനമായാണ് സ്ഫോടനത്തെ കാണുന്നതെന്നും സർക്കാർ വക്താവിനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നുണ്ട്. പരുക്കേറ്റവരിൽ ഉന്നത ഹിസ്ബുല്ല നേതാക്കളുമുണ്ട്. അതെ സമയം സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാൻ ഇസ്രയേല്‍ സർക്കാരോ സൈന്യമോ തയാറായിട്ടില്ല.
ആല്‍ഫാന്യൂമെറിക് അഥവാ ശബ്ദ സന്ദേശങ്ങള്‍ സ്വീകരിക്കുകയും അവ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന വയര്‍ലെസ് ആയിട്ടുള്ള ആശയവിനിമയ ഉപകരണങ്ങളാണ് പേജറുകള്‍(Pagers). ഇതിന് ബീപ്പറുകള്‍ എന്നും പേരുണ്ട്. 1980കളിലാണ് പേജറുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നത്. എന്നാല്‍, മെഡിക്കല്‍ രംഗത്തുള്ള ചില പ്രത്യേക സംഘങ്ങള്‍ ഇന്നും പേജറുകള്‍ ഉപയോഗിക്കുന്നുണ്ട്. ലെബനനില്‍ ഹിസ്ബുള്ള അംഗങ്ങള്‍ തങ്ങള്‍ക്കിടയിലുള്ള ആശയവിനിമയത്തിനായി പേജറുകള്‍ ഉപയോഗിക്കുന്നുണ്ട്. മൊബൈല്‍ ഫോണുകളെ അപേക്ഷിച്ച് സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ പ്രയാസമാണെന്നതാണ് കാരണം.