ഇസ്രായേലിൽ ഇറാന്റെ വ്യോമാക്രമണം; യുദ്ധഭീതിയിൽ പശ്ചിമേഷ്യ

സിറിയയിലെ തങ്ങളുടെ കോൺസുലേറ്റിനുനേരെ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടിയായി ഇസ്രയേലിൽ ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തി ഇറാന്‍. മുന്നൂറിലധികം മിസൈലുകളും ഡ്രോണുകളും ഇറാൻ വിക്ഷേപിച്ചതായും ഇതിൽ 99 ശതമാനവും പ്രതിരോധിച്ചതായും ഇസ്രയേൽ സൈന്യം അറിയിച്ചു.കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ തയ്യാറെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അറിയിച്ചു.

ആക്രമണത്തിൽ ഒരു പത്ത് വയസുകാരന് പരിക്കേറ്റതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ആക്രമണ സാധ്യത കണത്തിലെടുത്ത് ഇസ്രായേലിലെ എല്ലാ സ്‌കൂളുകളും അടച്ചു. രാജ്യമെങ്ങും യുദ്ധ ഭീതിയാണ് നിലനില്‍ക്കുന്നത്. ജോർദാനും ഇറാഖും ലബനോനും വ്യോമ മേഖല അടച്ചു. ഇസ്രായേല്‍ വ്യേമമേഖലയും വിമാനത്താവളവും അടച്ചു. അതേസമയം, സ്ഥിതി വിലയിരുത്തുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.

ഇസ്രയേല്‍-പലസ്തീന്‍ ഏറ്റുമുട്ടല്‍ തുടരുന്ന പശ്ചാത്തലത്തിലാണ് പശ്ചിമേഷ്യയിലെ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ടുള്ള ഇറാന്റെ നീക്കം. ആക്രമണം സംഭവിച്ചതായി ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേലിനു പുറമെ ജോർദാൻ, ഇറാഖ്, ലബനന്‍ എന്നീ രാജ്യങ്ങളും തങ്ങളുടെ വ്യോമമേഖല അടച്ചു.ഇസ്രയേല്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയാണ് ആക്രമണമെന്നാണ് ഇറാന്റെ നിലപാട്. ഡമാസ്കസിലെ എംബസിയിലുണ്ടായ ആക്രമണം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇറാന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.