ഹിജാബ് വിരുദ്ധ പ്രക്ഷോഭകാരിയെ ഇറാൻ സേനാംഗങ്ങള്‍ ബലാത്സംഗം ചെയ്തു കൊന്നു; രഹസ്യരേഖകൾ പുറത്ത്

ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത കൗമാരക്കാരിയെ ഇറാൻ സുരക്ഷാ സേനയിലെ മൂന്ന് പേർ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതായി റിപ്പോർട്ട്. 2022ൽ മഹ്‌സ അമിനി എന്ന 22കാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഇറാനിൽ നടന്ന പ്രതിഷേധത്തിനിടെ കാണാതായ നിക ഷക്കാരാമിയുടെ കൊലപാതകത്തിന്റെ വിവരങ്ങളാണ് പുറത്തായിരിക്കുന്നത്. നിക കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് അന്ന് ഇറാൻ സർക്കാർ വ്യക്തമാക്കിയത്.

പെൺകുട്ടി ആത്മഹത്യ ചെയ്തുവെന്നായിരുന്നുവെന്ന ഇറാൻ സർക്കാരിന്റെ വാദത്തെ പൊളിച്ചെഴുതുന്നതാണ് പുതിയ റിപ്പോട്ട്. നികയെ സൈന്യത്തിലെ മൂന്ന് ഉദ്യോ​ഗസ്ഥർ ചേർന്ന് പീഡിപ്പിച്ചതിന്റെ വിവരങ്ങളടക്കം ഇറാൻ സുരക്ഷാസേനയിൽ നിന്ന് ചോർന്ന രേഖകളിൽ വ്യക്തമാക്കുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) നികയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ ഒരു ഹിയറിങ്ങിന്റെ സംഗ്രഹമാണ് പുറത്തായിരിക്കുന്നത്. രാജ്യത്തിൻ്റെ ഇസ്ലാമിക ഭരണകൂടത്തെ പ്രതിരോധിക്കുന്ന സുരക്ഷാ സേനയാണ് ഐആർജിസി. പോലീസ് ആക്രമണത്തിനെ തുടര്‍ന്ന് ആണ് നിക കൊല്ലപ്പെട്ടതെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു.

ഹിജാബ് ധരിക്കാത്തതിന് പോലീസ് കസ്റ്റഡിയിൽ എടുത്ത മഹ്സ അമിനി മരിച്ചതിന് പിന്നാലെയാണ് ഇറാനില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ അനവധി കൗമാരക്കാർ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്.