ചെഗുവേരയുടെ മകൻ കാമിലോ ഗുവേര മാർച്ച്‌ അന്തരിച്ചു

മാർക്സിസ്റ്റ് വിപ്ലവനേതാവ് ഏണെസ്റ്റോ ചെ ഗുവേരയുടെ മൂത്ത മകൻ കാമിലോ ഗുവേര മാർച്ച് (60) അന്തരിച്ചു. വെനസ്വേല സന്ദർശിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന്‌ തിങ്കളാഴ്ചയാണ്‌ മരണം സംഭവിച്ചത്. അഭിഭാഷകന്‍ കൂടിയായ കാമിലോ, ചെഗുവേരയുടെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും പ്രചരിപ്പിക്കുന്ന ഹവാനയിലെ ചെഗുവേര സ്റ്റഡി സെന്ററിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ഏറെ വേദനയോടെയാണ്‌ കാമിലോയ്ക്ക്‌ വിടനൽകുന്നതെന്ന്‌ ക്യൂബൻ പ്രസിഡന്റ്‌ മിഗേൽ ദിയാസ്‌ കനേൽ ട്വീറ്റ്‌ ചെയ്തു. ചെഗുവേരയ്ക്കും ക്യൂബക്കാരിയായ അലെയ്‌ഡ മാർച്ചിനും നാലുമക്കളുണ്ട്. 1962ലാണ്‌ കാമിലോയുടെ ജനനം. പെറു സ്വദേശിയായ ഹിൽഡ ഗാഡിയയുമായുള്ള ആദ്യ വിവാഹത്തിൽ ചെ​ഗുവേരയ്ക്ക് ഒരുമകളുണ്ട്. അവര്‍ നേരത്തേ മരിച്ചു.