ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം തുടര്‍ക്കഥയാകുന്നു. 25 ഇന്ത്യന്‍ ക്രൂ അംഗങ്ങളുമായി സഞ്ചരിച്ച ക്രൂഡ് ഓയില്‍ ടാങ്കറിനു നേരെ ഡ്രോണ്‍ ആക്രമണമുണ്ടായി.സലീഫ് തുറമുഖത്ത് നിന്ന് 45 നോടികല്‍ മൈല്‍ അകലെയാണ് ആക്രമണം നടന്ന സ്ഥലമെന്ന് യുകെ മാരിടൈം ട്രേഡ് ഓപറേഷന്‍സ് അറിയിച്ചു. ഗാബോണ്‍ ഉടമസ്ഥതയിലുള്ള എംവി സായിബാബ ടാങ്കറിനെതിരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ കപ്പലിന് നാശനഷ്ടമുണ്ടായില്ലെന്നാണ് വിവരം. കപ്പലിലെ ജീവനക്കാരും സുരക്ഷിതരാണ്.
ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തുന്ന ആക്രമണത്തില്‍ ഇറാന് ശക്തമായ ബന്ധങ്ങളുണ്ടെന്ന ആരോപണവുമായി യു എസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആയുധങ്ങള്‍ നല്‍കിയും തന്ത്രങ്ങള്‍ പകര്‍ന്നും യെമന്‍ ആസ്ഥാനമായുള്ള റിബല്‍ ഗ്രൂപിനെ തെഹ്‌റാന്‍ പിന്തുണക്കുകയാണെന്ന് വൈറ്റ് ഹൗസ് കുറ്റപ്പെടുത്തി. യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് ദക്ഷിണ ചെങ്കടലിലെ അന്താരാഷ്ട്ര കപ്പല്‍പാതകളിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായി അമേരിക്ക പറഞ്ഞിരുന്നു.
ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചെങ്കടലിലെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നത്. ഇസ്രയേലുമായി ബന്ധമുള്ള ചരക്കു കപ്പലുകളെ തങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ പിന്തുണയുള്ള ഹൂതി സായുധ സംഘങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി കപ്പലുകള്‍ റൂട്ട് മാറ്റി ആഫ്രിക്കന്‍ തീരങ്ങള്‍ വഴിയാണ് നിലവില്‍ സഞ്ചരിക്കുന്നത്. 35 രാജ്യങ്ങളിലെ പത്ത് ചരക്ക് കപ്പലുകള്‍ക്ക് നേരെ ഹൂതി സായുധ സംഘം ഇതുവരെ 100 ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി അമേരിക്ക ആരോപിക്കുന്നു.
യൂറോപിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന പ്രധാന വാണിജ്യ പാതയില്‍ അപായസാധ്യത വര്‍ധിച്ചതോടെ ഇറ്റാലിയന്‍- സ്വിസ് കംപനി എം എസ് സി, ഫ്രഞ്ച് കംപനി സി എം എ സി ജി എം, ഡെന്‍മാര്‍കിലെ എപി മോളര്‍- മീര്‍സെക് തുടങ്ങിയവ ഇതുവഴി ചരക്കു കടത്ത് നിര്‍ത്തിവെച്ചിട്ടുണ്ട്.