കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഗുളികയ്ക്ക് ആദ്യമായി അംഗീകാരം നൽകി ബ്രിട്ടൻ

കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഗുളികയ്ക്ക് ആദ്യമായി അംഗീകാരം നൽകി ബ്രിട്ടൻ. ‘മോൽനുപിറാവിർ’ എന്ന ആൻഡി വൈറൽ ഗുളികയ്ക്കാണ് വ്യാഴാഴ്ച ദി മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഡക്ട്‌സ് റഗുലേറ്ററി അതോറിറ്റി (എം.എച്ച്.ആർ.എ) അംഗീകാരം നൽകിയത്. ഉയർന്ന അപകട സാധ്യതയുള്ള രോഗികൾക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണസാധ്യതയുള്ളവർക്കും മെർക്ക് ആൻഡ് റിഡ്‌ജേബാക്ക് ബയോ തെറാപ്യൂട്ടിക്‌സ് വികസിപ്പിച്ച ഗുളിക ഫലപ്രദമാണെന്ന് നീണ്ട ക്ലിനിക്കൽ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അത്തരം സാധ്യതകളെ ഗുളിക പകുതിയായി കുറയ്ക്കുമെന്നും കണ്ടെത്തിയിരിക്കുകയാണ്. അതുകൊണ്ട് കോവിഡ് ചികിത്സയിൽ വലിയ മുന്നേറ്റമായി മാറാൻ സാധ്യതയുള്ള കണ്ടെത്തലാണിത്.

വളരെ കർശനമായ അവലോകനത്തിന് ശേഷമാണ് ബ്രിട്ടൻ മരുന്നിന് അംഗീകാരം നൽകിയതെന്നാണ് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്‌സ് റഗുലേറ്ററി ഏജൻസിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചിരിക്കുന്നത്. ഗുളികയുടെ സുരക്ഷിതത്വം, ഗുണമേന്മ, ഫലപ്രാപ്തി എന്നിവയെല്ലാം പരിശോധിക്കപ്പെട്ടുവെന്നും അവർ വ്യക്തമാക്കി.

അതെ സമയം ബ്രിട്ടൻ അംഗീകരിച്ച കോവിഡ് മരുന്ന് ‘മോൽനുപിറാവിർ’ ആൻഡി വൈറൽ ഗുളിക വാങ്ങാൻ വിവിധ രാജ്യങ്ങളുടെ വൻതിരക്ക്. ആസ്‌ത്രേലിയ 300,000 ഡോസ്, ഫ്രാൻസ് 50,000 ഡോസ്, മലേഷ്യ 150,000 ഡോസ്, എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളും ആവശ്യപ്പെട്ട ഡോസുകളും.