ഹമാസ് ഉപമേധാവി സാലിഹ് അൽ അറൂരിയുടെ കൊലപാതകം; മേഖലയിൽ സംഘർഷ സാധ്യത

ഹമാസിന്റെ രാഷ്ട്രീയകാര്യ ഉപമേധാവി സാലിഹ് അൽ അറൂരി ലെബനിലെ ബെയ്‌റൂട്ടിന്റെ പ്രാന്തപ്രദേശമായ ദഹിയേയിൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ വീണ്ടും സംഘർഷ സാധ്യത. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇസ്രയേൽ വ്യോമാക്രണത്തിൽ ആണ് അറൂരി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ സായുധവിഭാഗത്തിന്റെ രണ്ടു കമാൻഡർമാരും കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രയേൽ ദക്ഷിണ ബൈറൂത്തിലെ മശ്റഫിയ്യയിൽ ഹമാസ് ഓഫിസിനുനേരെ വ്യോമാക്രമണം നടത്തിയത്.

ഹമാസിന്റെ സഖ്യകക്ഷി കൂടിയായ തങ്ങളുടെ ശക്തി കേന്ദ്രമായ ദഹിയേയിൽ ആക്രമണം നടത്തിയത് ഇസ്രയേലാണെന്നും ആക്രമണം ലെബനന്റെ പരമാധികാരത്തിന് മേലുള്ള കടന്നാക്രമണമാണെന്നും ഹിസ്ബുള്ള ആരോപിച്ചു, ഹമാസും ഇതേ ആരോപണം ആവർത്തിച്ചിട്ടുണ്ട്. ആക്രമണത്തിന് മറുപടിയുണ്ടാകുമെന്നും ഈ കുറ്റകൃത്യത്തിന് ശിക്ഷയില്ലാതെ കടന്നുപോകില്ലെന്നും ഹിസ്ബുള്ള പറഞ്ഞു.

ഹമാസിന്റെ സായുധവിഭാഗമായ ഖസം ബ്രിഗേഡ്സിന്റെ സ്ഥാപകരിലൊരാളാണ് കൊല്ലപ്പെട്ട ഹമാസിന്റെ രാഷ്ട്രീയകാര്യ ഉപമേധാവി സാലിഹ് അൽ അറൂരി. ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ നേതാവാണ് സാലിഹ് അൽ അറൂരി. ഇസ്രയേൽ ജയിലുകളിൽ നിരവധി തവണ തടവ് അനുഭവിച്ച അറൂരി 2010ലാണ് ജയിൽ മോചിതനായത്. പിന്നീട് സിറിയയിലേക്ക് മാറി. അവിടെനിന്ന് തുർക്കിയിലെത്തി. പിന്നീടാണ് ലെബനാനിലെത്തുന്നത്. ഇവിടെനിന്നായിരുന്നു അദ്ദേഹം വെസ്റ്റ് ബാങ്കിലെ ഹമാസിന്റെ സൈനിക പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്.

അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്രയേൽ ഏറ്റെടുത്തിട്ടില്ല. ഹമാസ് നേതൃത്വത്തിനെതിരെ നടത്തിയ സർജിക്കൽ സ്ട്രൈക്കിലാണ് സാലിഹ് അൽ അറൂരി കൊല്ലപ്പെട്ടതെന്നും എന്നാൽ ബെയ്റൂട്ടിൽ ഹമാസ് നേതാവിന്റെ കൊലപാതകം ലെബനനെതിരെയുള്ള ആക്രമണമല്ലെന്നും ഇസ്രയേൽ വക്താവ് മാർക്ക് റെഗേവ് പറഞ്ഞു.