നിശബ്ദയാക്കാൻ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി താലിബാന്‍, തെളിവുകള്‍ പുറത്ത്

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തില്‍ സ്ത്രീകള്‍ നേരിടുന്നത് സമാനതകളില്ലാത്ത പീഡനങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. അഫ്ഗാൻ മനുഷ്യാവകാശ പ്രവർത്തകയെ താലിബാൻ ജയിലിൽ ഭീകരവാദികൾ കൂട്ടബലാത്സംഗം ചെയ്യുന്നതിൻ്റെ തെളിവുകൾ ദി ഗാർഡിയന് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ ലൈംഗികാതിക്രമങ്ങള്‍ പതിവാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോര്‍ട്ട് ഗാര്‍ഡിയന്‍ പുറത്തുവിട്ടിരിക്കുന്നത്. കുറ്റകൃത്യങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന നേരിട്ടുള്ള ആദ്യ തെളിവാണ് വീഡിയോ എന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പറയുന്നു.

ഗാർഡിയൻ പരിശോധിച്ച വീഡിയോ റെക്കോർഡിംഗിൽ, യുവതിയോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെടുന്നതായും, തുടർന്ന് രണ്ട് പുരുഷന്മാർ ഒന്നിലധികം തവണ ബലാത്സംഗം ചെയ്യുന്നതായും റിപ്പോർട്ട് ചെയ്യുന്നു. ആയുധധാരികളിലൊരാൾ ഫോണിൽ റെക്കോർഡ് ചെയ്യുന്നതും, എതിർത്ത നിൽക്കുന്ന യുവതിയെ അതിക്രമിക്കുന്നതായും പറയും. ” ഇത്രയും നാൾ നിങ്ങളെ അമേരിക്കക്കാർ വഞ്ചിച്ചു. ഇനി ഞങ്ങളുടെ ഊഴമാണ്.”റെക്കോർഡ് വീഡിയോയുടെ ഒരു ഭാഗത്ത് അക്രമികൾ ഒരു ഘട്ടത്തിൽ അവളോട് പറയുന്നുണ്ട്.

സംഭവത്തിന് ശേഷം അഫ്‌ഗാനിൽ നിന്ന് യുവതി പലായനം ചെയ്തിരുന്നു. രാജ്യത്തിന് പുറത്ത് വച്ച് താലിബാനെതിരെ സംസാരിച്ചതോടെയാണ് യുവതിക്ക് വീഡിയോ അയക്കുന്നത്. ഭരണത്തെ വിമർശിക്കുന്നത് തുടർന്നാൽ വീഡിയോ തൻ്റെ കുടുംബത്തിനും, സോഷ്യൽ മീഡിയയിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തന്നെ നിശ്ശബ്ദയാക്കാനും നാണം കെടുത്താനും വേണ്ടിയാണ് ആക്രമണം ബോധപൂർവം റെക്കോർഡ് ചെയ്തതെന്ന് അവർ വിശ്വസിക്കുന്നു. അവരുടെ മുഖം വ്യക്തമാകുന്ന തരത്തിലാണ് ആക്രമണം ചിത്രീകരിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാൻ്റെ ക്രൂരമായ ഹിജാബ് നിയമങ്ങൾ പ്രകാരം ലൈംഗികമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്യുന്നതായി കൗമാരക്കാരായ പെൺകുട്ടികളുടെയും യുവതികളുടെയും അനുഭവങ്ങൾ ഗാർഡിയൻ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ചിരുന്നു.