ചുവന്ന ലിപ്സ്റ്റിക് നിരോധിച്ച് ഉത്തരകൊറിയ സർക്കാർ; കാരണം വിചിത്രം

ചുവന്ന ലിപ്സ്റ്റിക് നിരോധിച്ചു ഉത്തരകൊറിയ സർക്കാർ. സ്ത്രീകൾ ചുവന്ന ലിപ്സ്റ്റിക് ഉപയോഗിക്കരുതെന്നാണ് പുതിയ നിയമം. ചുവപ്പ് മുതലാളിത്തത്തിന്‍റെ പ്രതീകമായാണ് ഉത്തരകൊറിയ സർക്കാർ കാണുന്നത്. കൂടാതെ ചുവന്ന ലിപ്സ്റ്റിക്കിട്ട സ്ത്രീകൾ കൂടുതൽ ആകർഷകരായി കാണപ്പെടുന്നതും ഈ നിരോധനത്തിന് പിന്നിലുണ്ട്. ഇത് രാജ്യത്തിന്‍റെ ധാർമിക തകർച്ചക്ക് ഇടയാക്കുമെന്ന് കരുതുന്നു. ഫാഷൻ, മേക്കപ്പ്, വസ്ത്രധാരണം തുടങ്ങിയ രംഗത്ത് നേരത്തെയും കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ ഉള്ള കൊറിയൻ സർക്കാർ ശക്തമായ നിയമങ്ങൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാറുണ്ട്. നിരവധി ജനപ്രിയ ആഗോള ഫാഷൻ, സൗന്ദര്യവർധക ബ്രാൻഡുകൾക്ക് ഭരണകൂടം രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുമുണ്ട്.

നേരത്തെ മേക്കപ്പ് അധികമായി ഉപയോഗിക്കാൻ പാടില്ലെന്ന നിയമവും നിലനിൽ കൊണ്ടുവന്നിരുന്നു. സ്ത്രീകളുടെ മേക്കപ്പ് പരിശോധിക്കാൻ സർക്കാർ ആളുകളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. പതിവ് പരിശോധനകളും ഉണ്ടാകാറുണ്ട്. നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷാനടപടികളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗ്യുചാൽഡേ അല്ലെങ്കിൽ ഫാഷൻ പോലീസ് എന്നാണ് ഈ മേഖലയിൽ പരിശോധനക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ വിളിക്കുന്നത്. നേരത്തെ രാജ്യത്തെ യുവാക്കളുടെ വസ്ത്രധാരണ രീതിയെ അപലപിച്ച് കൊണ്ട് അധികൃതർ ലേഖനം പുറത്തിറക്കിയിരുന്നു. അതെ സമയം പാശ്ചാത്യ സംസ്‌കാരത്തില്‍ ആകൃഷ്ടരാകുന്ന യുവാക്കളുടെ എണ്ണം കൂടുകയാണെന്നും അവരെ ഉത്തര കൊറിയയുടെ സംസ്‌കാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് ഇത്തരത്തിലുള്ള നിയമങ്ങൾ കൊണ്ട് വരുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം.