യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് ഡെല്‍റ്റാ വകഭേദത്തിന്റെ പുതിയ തരംഗം ആഞ്ഞടിക്കുകയാണ്. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഈ നിലയ്ക്ക് രോഗം മുന്നേറിയാല്‍ മാര്‍ച്ച് മാസത്തിനകം അഞ്ച് ലക്ഷം പേര്‍ മരിക്കുമെന്നാണ് ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയറക്ടര്‍ ഡോ. ഹാന്‍സ് ക്‌ളൂഗ് വ്യക്തമാക്കുന്നത്.
പലവിധ ഘടകങ്ങളാലാണ് രോഗം ഭീതിജനകമായ വിധത്തില്‍ ഉയരുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നത്. ഒന്നാമത് ശക്തമായ ശൈത്യകാലമാണ്, ഡെല്‍റ്റാ വകഭേദം വേഗം വ്യാപിക്കുന്നതാണ് രണ്ടാമത്, വാക്സിന്‍ നല്‍കുന്നതിലെ അപര്യാപ്തതയാണ് മൂന്നാമത് കാരണം. രോഗത്തിനെതിരായ അവസാന അഭയം വാക്സിന്‍ മാത്രമാണ്.
അതേസമയം, രോഗത്തെ നേരിടാന്‍ നെതര്‍ലാന്‍ഡ് ഭാഗികമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഇതുവരെ വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് ജര്‍മ്മനി കൂടുതല്‍ നിബന്ധന ഏര്‍പ്പെടുത്തി. ഇവര്‍ റെസ്റ്റോറന്റുകളില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. ചെക് റിപബ്‌ളിക്കിലും സ്‌ളൊവാക്യയിലും ഇതേ നിബന്ധന ഏര്‍പ്പെടുത്തി. അതെ സമയം വിവിധ യൂറോപ്യൻ നഗരങ്ങളായ നെതർലാന്റ്‌സിലെ റോട്ടർഡാം, ഓസ്ട്രിയയിലെ വിയന്ന എന്നിവിടങ്ങളിലും ഇറ്റലിയിലും ക്രൊയേഷ്യയിലും ജനങ്ങൾ തെരുവിലിറങ്ങി കൊവിഡ് നിയന്ത്രണങ്ങളോട് രൂക്ഷമായി പ്രതികരിച്ചു.