‘പുടിൻ’യുഗം; റഷ്യയിൽ അഞ്ചാം തവണയും വ്ളാദിമിർ പുടിൻ അധികാരത്തിൽ

റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വ്ലാഡിമർ പുടിന് വിജയം. 87. 8ശതമാനം വോട്ട് നേടിയാണ് പുടിന്‍ അഞ്ചാം ടേം ഉറപ്പിച്ചത്. അഞ്ചാമൂഴം പൂര്‍ത്തിയാക്കുന്നതോടെ, സോവിയറ്റ് ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിനെ മറികടന്ന് ഏറ്റവും കൂടുതല്‍ കാലം റഷ്യന്‍ ഭരണാധികാരിയായ നേതാവായി പുടിന്‍ മാറും. 2030 വരെ ആറ് വർഷം ഇനി പുടിന് റഷ്യയുടെ അധികാരം കയ്യാളാം. ഇതോടെ സ്റ്റാലിന് ശേഷം ഏറ്റവുമധികകാലം ഭരണത്തിലിരിക്കുന്ന നേതാവാകുകയാണ് പുടിൻ. മൂന്നു ദിവസമായാണ് റഷ്യയില്‍ തിരഞ്ഞെടുപ്പ് നടന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി നികോളായ് ഖരിത്നോവ് നാല് ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി.

റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി മരിച്ചതിന് ശേഷം നടന്ന തെരഞ്ഞെടുപ്പ് എന്ന പ്രത്യേകത കൂടി ഇത്തവണയുണ്ടായിരുന്നു. നവാല്‍നിയുടെ മരണത്തില്‍ പുടിന്‍ ഭരണകൂടത്തിന്റെ ഇടപെടല്‍ ആരോപിച്ച് നവാല്‍നിയെ പിന്തുണയ്ക്കുന്നവര്‍ പ്രതിഷേധം നടത്തിയിരുന്നു. പുടിനെതിരെ നൂൺ എഗെയ്ൻസ്റ്റ് പുടിൻ എന്ന പേരിലാണ് പ്രതിഷേധം നടന്നത്. റഷ്യയിലെ പോളിങ് സ്റ്റേഷനുകൾക്ക് മുന്നിൽ പ്ലക്കാർഡുകളുയർത്തിയും മുദ്രാവാക്യം വിളിച്ചുമാണ് പ്രതിഷേധിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു.

റഷ്യൻ മിലിട്ടറിയെ ശക്തിപ്പെടുത്തുകയും യുക്രൈനിലെ സൈനിക നടപടിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുമെന്നും ജയമുറപ്പിച്ചതിന് പിന്നാലെ പുടിൻ പ്രതികരിച്ചു.