വൈബ്രന്‍റ് ഗുജറാത്ത് സമ്മിറ്റ്: യുഎഇ പ്രസിഡന്‍റ് ഷെയ്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ന് ഇന്ത്യയിൽ

ഇന്ത്യയിലെത്തിയ യുഎഇ പ്രസിഡന്‍റ് ഷെയ്ക് മുഹമ്മദ് ബിൻ സയദ് അൽ നഹ്യാന് റോഡ് ഷോയോട് കൂടിയ ഗംഭീര വരവേൽപ്പ്. അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ യുഎഇ പ്രസിഡന്‍റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. തുടർന്ന് ഇരുവരും മൂന്ന് കിലോമീറ്റർ റോഡ് ഷോ നടത്തി. യാത്ര കടന്ന് പോവുന്ന വഴികളിൽ കലാപരിപാടികൾ അരങ്ങേറി. വൈബ്രന്‍റ് ഗുജറാത്ത് സമ്മിറ്റിനായാണ് യുഎഇ പ്രസിഡന്‍റ് ഇന്ത്യയിലെത്തിയത്. “സൗഹൃദത്തിന്റെ ശക്തമായ ബന്ധങ്ങൾ വീണ്ടും ഉറപ്പിക്കുന്നു!” എന്ന തലക്കെട്ടോടെയാണ് യുഎഇ പ്രസിഡന്‍റിന്‌‍ നല്‍കിയ സ്വീകരണത്തിന്‍റെ ചിത്രങ്ങള്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം പങ്കുവെച്ചത്.

നാളെയാണ് നിക്ഷേപ സംഗമത്തിന് തുടക്കമാകുക. യുഎഇയ്ക്കൊപ്പം വിവിധ രാജ്യ തലവൻമാരും വൻകിട കമ്പനികളുടെ പ്രതിനിധികളും പരിപാടിക്കെത്തും. ഗുജറാത്തിലേക്ക് വമ്പൻ നിക്ഷേപങ്ങൾ ലക്ഷ്യമിട്ട് നടത്തുന്ന പരിപാടിയാണ് വൈബ്രന്‍റ് ഗുജറാത്ത് സമ്മിറ്റ്.വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളെയും, നിക്ഷേകരെയും ഒക്കെ ഒരു കുടക്കീഴിൽ കൊണ്ട് വരാനുള്ള പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് നടക്കുന്നത്.

മൂന്ന് ദിവസം ​ഗുജറാത്തിലുള്ള പ്രധാനമന്ത്രി വിവിധ ലോക നേതാക്കളുമായും വ്യവസായ പ്രമുഖന്മാരുമായും കൂടിക്കാഴ്ച നടത്തും. റോഡ്‌ ഷോയുടെയും ഉച്ചകോടിയുടെയും ഭാ​​ഗമായി അഹമ്മദാബാദിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.