വെനിസ്വേലൻ പ്രതിപക്ഷ നേതാവ് എഡ്മുണ്ടോ ഗോൺസാലസ് രാജ്യം വിട്ടു; അഭയം തേടിയത് സ്‌പെയിനിൽ

പ്രതിപക്ഷ പ്രസിഡന്‍റ് സ്ഥാനാർത്ഥി എഡ്മുണ്ടോ ഗോൺസാലസ് രാജ്യം വിട്ട് സ്പെയിനിൽ രാഷ്ട്രീയാഭയം തേടി. ജൂലൈയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി പ്രതിപക്ഷം തർക്കിച്ചതിനെത്തുടർന്ന് വെനിസ്വേലൻ സർക്കാർ ഗോൺസാലസി​നെതിരെ അറസ്റ്റിന് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഭരണപക്ഷ പാർട്ടിയായ നാഷനൽ ഇലക്ടറൽ കൗൺസിൽ നിക്കോളാസ് മദുറോയെ വിജയിയായി പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു ഇത്.

വെനസ്വേല വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസാണ് ഉറുട്ടിയ രാജ്യം വിട്ട കാര്യം സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചത്. വെനെസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ സ്പാനിഷ് എംബസി മുഖേനയാണ് ഉറുട്ടിയ രാഷ്ട്രീയ അഭയത്തിനുള്ള സാധ്യതകൾ തേടിയത്. ആവശ്യം അവർ അംഗീകരിച്ചതോടെയാണ് അദ്ദേഹം സ്പെയിനിലേക്ക് കടന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് അദ്ദേഹം സ്പെയിനിലേക്ക് പോയതെന്നും ഡെൽസി റോഡ്രിഗസ് അറിയിച്ചു.

അതെ സമയം ഗോൺസാലസ് സ്വന്തം ഇഷ്ട​പ്രകാരമാണ് രാജ്യം വിട്ടതെന്നും സ്പാനിഷ് എയർഫോഴ്‌സ് വിമാനത്തിലാണ് കടന്നതെന്നും സ്‌പെയിനി​ന്‍റെ വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് പറഞ്ഞു.