ഗാസ ചർച്ചയാകും; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ നാളെ സൗദിയിൽ

രണ്ട് ദിവസത്തെ സന്ദർശനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ നാളെ സൗദിയിലെത്തും. സൗദി അധികാരികളുമായുള്ള കൂടിക്കാഴ്ചയിൽ ഗാസയില്‍ വെടിനിർത്തൽ, ബന്ദികളെ മോചിപ്പിക്കൽ, ഗാസയിലേക്കുള്ള മാനുഷിക സഹായം വർധിപ്പിക്കൽ തുടങ്ങിയവ ചർച്ച ചെയ്യുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഘർഷം പടരുന്നത് ഒഴിവാക്കേണ്ടതിൻറെ പ്രാധാന്യം ചർച്ചയിൽ ഊന്നിപ്പറയുമെന്നും സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള പുരോഗതി ഉൾപ്പെടെ മേഖലയിൽ ശാശ്വത സമാധാനവും സുരക്ഷയും കൈവരിക്കാനുള്ള ശ്രമങ്ങൾ ചർച്ച ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അതെ സമയം അമേരിക്ക നൽകിയ ആയുധങ്ങൾ അന്താരാഷ്‌ട്ര മാനുഷിക നിയമത്തിന്‌ അനുസൃതമായാണ്‌ ഉപയോഗിക്കുന്നതെന്ന ഇസ്രയേലിന്റെ ഉറപ്പ്‌ വിശ്വസനീയമല്ലെന്ന്‌ മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥർ. ഇക്കാര്യത്തിൽ സ്റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കന്‌ ഉപദേശം നൽകിയതായും സ്റ്റേറ്റ്‌ ഡിപ്പാർട്‌മെന്റിലെ ആഭ്യന്തര മെമ്മൊകൾ അവലോകനം ചെയ്‌ത്‌ റോയിട്ടേഴ്‌സ്‌ റിപ്പോർട്ട്‌ ചെയ്‌തു.

സൗദി സന്ദർശിക്കുന്ന ബ്ലിങ്കൻ വേൾഡ് ഇക്കണോമിക് ഫോറത്തിൻ്റെ ബ്ലിങ്കൻ പങ്കെടുക്കും. ആഗോള സഹകരണ വളർച്ചയും ഊർജവും’ എന്ന വിഷയത്തിൽ വേൾഡ് ഇക്കണോമിക് ഫോറത്തിൻ്റെ (ഡബ്ല്യുഇഎഫ്) പ്രത്യേക യോഗം ഏപ്രിൽ 28, 29 തീയതികളിൽ സൗദി തലസ്ഥാനമായ റിയാദിൽ വെച്ചാണ് നടക്കുന്നത്. അതെ സമയം ബ്ലിങ്കെൻ ഇസ്രായേൽ സന്ദർശിച്ചേക്കുമെന്ന വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ പുറത്ത് വരുന്ന റിപ്പോട്ടുകൾ പ്രകാരം അദ്ദേഹം ഇസ്രായേൽ സന്ദർശനം ഷെഡ്യുൾ ചെയ്തിട്ടില്ല.