US
  • inner_social
  • inner_social
  • inner_social

ഇറാനെ ചെറുക്കാന്‍ ഏതറ്റംവരെയും പോകുമെന്ന സംയുക്തപ്രഖ്യാപനത്തില്‍ ഒപ്പിട്ട് അമേരിക്കയും ഇസ്രയേലും

ഇറാനെ ചെറുക്കാന്‍ ഏതറ്റംവരെയുംപോകുമെന്ന സംയുക്തപ്രഖ്യാപനത്തില്‍ ഒപ്പിട്ട് അമേരിക്കയും ഇസ്രയേലും. ഇറാൻ ആണവായുധം സമാഹരിക്കുന്നത്‌ തടയാൻ എല്ലാ ശക്തിയും ഉപയോ​ഗിക്കാന്‍ അമേരിക്ക സന്നദ്ധമെന്ന് പ്രഖ്യാപനത്തില്‍ ഒപ്പുവച്ച അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡന്‍ പറഞ്ഞു.ആണവ ഇറാന്‍ ഇനിയുണ്ടാകില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി യായ്ര്‍ ലാപിഡ് അവകാശപ്പെട്ടു. ഇറാന്‍വിരുദ്ധനീക്കം ശക്തമാക്കി ഇസ്രയേലിനെ മുഖ്യസൈനികപങ്കാളിയാക്കുന്നത് ലക്ഷ്യമിട്ടാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബൈഡന്‍ ഇസ്രയേലില്‍ എത്തിയത്.

സംയുക്തവാര്‍ത്താസമ്മേളനത്തില്‍ ഇറാനെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകളാണ് ഇസ്രയേല്‍ പ്രധാനമന്ത്രി നടത്തിയത്. ഇറാൻ നിലപാട്‌ മാറ്റിയില്ലെങ്കിൽ മറ്റു രാജ്യങ്ങളും ബലം പ്രയോഗിക്കാൻ മടിക്കില്ലെന്ന്‌ ഇറാൻ തിരിച്ചറിയണമെന്ന്‌ ലാപിഡ്‌ പറഞ്ഞു. നയതന്ത്ര നീക്കത്തിലൂടെയുള്ള പരിഹാരമാണ്‌ ആഗ്രഹിക്കുന്നതെന്നും ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കുകയാണ്‌ അമേരിക്കയുടെ ലക്ഷ്യമെന്നും ബൈഡൻ അവകാശപ്പെട്ടു. ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിൽ 2015ലെ ആണവകരാർ പുനരുജ്ജീവിപ്പിക്കാനുള്ള ചർച്ച നടന്നെങ്കിലും ഫലപ്രാപ്തിയിൽ എത്തിയിരുന്നില്ല. ഇരുപക്ഷവും പരസ്പരം പഴിചാരുന്നതിനിടെയാണ്‌ ഇസ്രയേലിനെ കൂട്ടുപിടിച്ചുള്ള ബൈഡന്റെ നീക്കം. 2021ൽ അധികാരമേറ്റതിന് ശേഷമുള്ള തന്റെ ആദ്യ പര്യടനത്തിലാണ് ബൈഡൻ ബുധനാഴ്ച ഇസ്രായേലിൽ എത്തിയത്.

അതെ സമയം ഇറാന്റെ ആണവ അഭിലാഷങ്ങളോടുള്ള യുഎസിന്റെയും ഇസ്രായേലിന്റെയും എതിർപ്പിന്റെ വ്യാപ്തി അടിവരയിടുന്നതായാണ് പുതിയ പ്രഖ്യാപനത്തെ ലോകം നോക്കി കാണുന്നത്. എന്നാൽ തങ്ങളുടെ ആണവ പരിപാടി സമാധാനപരമാണെന്നും അണുബോംബ് നിർമ്മിക്കാൻ തങ്ങൾക്ക് ഉദ്ദേശ്യമില്ലെന്നും ഇറാൻ വ്യക്തമാക്കി ശഠിക്കുന്നു. ഇസ്രായേലിന് സ്വന്തമായി ആണവായുധങ്ങൾ ഉണ്ടെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നുവെങ്കിലും അത് പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല.