കാബൂള്‍ വിമാനത്താവളത്തിന് സമീപമുള്ള ജനവാസ മേഖലയില്‍ യു.എസ് വ്യോമാക്രമണം. വിമാനത്താവളത്തില്‍ ഭീകരാക്രമണം നടത്താനൊരുങ്ങിയ ഒരു.ഐഎസ്-കെ ചാവേറിനെ ലക്ഷ്യമിട്ടാണ് യുഎസ് വ്യോമാക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ഒരു കുട്ടിയടക്കം രണ്ടു പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ഇരട്ട സ്‌ഫോടനം കാബൂളില്‍ നടന്നതിന് തൊട്ടു പിന്നാലെയാണ് യു.എസ് വ്യോമാക്രമണം.
ഓഗസ്റ്റ് 31നകം യു.എസ് സൈന്യം അഫ്ഗാന്‍ വിടണമെന്നാണ് താലിബാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നാട്ടിലേക്ക് മടങ്ങാനായി മുവായിരത്തോളം യു.എസ് സൈനികര്‍ കാബൂള്‍ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. ഇവരെ ലക്ഷ്യമിട്ട് ഐ.എസ് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നായിരുന്നു ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകരെ തിരിച്ചടിച്ചുകൊണ്ട്, യുഎസ് സൈന്യം ശനിയാഴ്ച പുലര്‍ച്ചെ കാബൂളിന് കിഴക്കും പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലും വ്യോമാക്രമണം നടത്തിയിരുന്നു. കാബൂള്‍ വിമാനത്താവളത്തില്‍ 169 അഫ്ഗാന്‍കാരും 13 അമേരിക്കന്‍ സൈനികരും കൊല്ലപ്പെട്ടതായാണ് വിവരം. അഫ്ഗാനിസ്ഥാന്‍ വാര്‍ത്താ ഏജന്‍സി അശ്വക ന്യൂസ് കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയിലെ ഖലാ-ഇ-നഗ്രാക് ഏഴാം ജില്ലയില്‍ യുഎസ് ഡ്രോണ്‍ ആക്രമണം നടന്ന സ്ഥലത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു.
റോയിട്ടേഴ്‌സ് റിപ്പോട്ടനുസരിച്ച്, മിഡില്‍ ഈസ്റ്റില്‍നിന്നാണ് ആക്രമണകാരിയായ റീപ്പര്‍ ഡ്രോണ്‍ പറന്നുയര്‍ന്നത്. കാറിലുണ്ടായിരുന്ന തീവ്രവാദിയും ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയിലെ മറ്റൊരു അസോസിയേറ്റും കൊല്ലപ്പെട്ടു. ആക്രമണത്തിനു പിന്നാലെ കാബൂള്‍ എയര്‍പോര്‍ട്ടില്‍ യുഎസ് സെക്യൂരിറ്റി അലര്‍ട്ട് നല്‍കി. ആബി ഗേറ്റ്, ഈസ്റ്റ് ഗേറ്റ്, നോര്‍ത്ത് ഗേറ്റ് അല്ലെങ്കില്‍ പുതിയ ആഭ്യന്തര മന്ത്രാലയ ഗേറ്റ് എന്നിവയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ മുന്നറിയിപ്പിലൂടെ ആവശ്യപ്പെട്ടു.