US
  • inner_social
  • inner_social
  • inner_social

ചൈനയുടെ സൈനിക അഭ്യാസത്തിനു പിന്നാലെ തായ്‌വാൻ കടലിടുക്കിൽ യുദ്ധ കപ്പലുമായി യുഎസ്

തായ്‌വാൻ കടലിടുക്ക് വീണ്ടും സംഘർഷഭരിതമാകുന്നു. കടലിടുക്കിൽ ചൈന മൂന്നു ദിവസം നീണ്ട സൈനിക അഭ്യാസം അവസാനിപ്പിച്ചതോടെ, തെക്കന്‍ ചൈന കടലില്‍ ഫിലിപ്പീൻസുമായി ചേര്‍ന്ന് ഏറ്റവും വലിയ സംയുക്ത സൈനിക അഭ്യാസം സംഘടിപ്പിച്ച് പുതിയ നീക്കത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് യു എസ്. 12,200 യുഎസ് സൈനികരും ഫിലിപ്പീൻസ്‌ സേനയിലെ 5400 പേരും അഭ്യാസത്തിന്റെ ഭാഗമായി. ഓസ്ട്രേലിയയടക്കം അമേരിക്കയോട് അനുകൂല നിലപാടുള്ള 12 രാജ്യങ്ങള്‍ അഭ്യാസത്തിൽ പങ്കാളികളാകും. ഏപ്രിൽ 26 വരെയാണ് പ്രകടനം. സമാധാനവും സുരക്ഷിതത്വവും ലക്ഷ്യമിട്ടാണ്‌ സൈനിക അഭ്യാസം എന്നാണ്‌ യുഎസ്‌ വിഷയത്തിൽ നടത്തിയ പ്രതികരണം എങ്കിലും ഇപ്പോഴത്തെ നീക്കങ്ങൾ ഇന്തോ പസഫിക്‌ മേഖലയെ സംഘർഷഭരിതമാക്കാൻ സാധ്യത കൂടുതലാണ് എന്ന് ആഗോള മാധ്യമങ്ങൾ പറയുന്നു.

അതെ സമയം മൂന്ന് ദിവസത്തെ സൈനികാഭ്യാസം വിജയകരമായി പൂർത്തിയാക്കിയെന്ന് ചൈനീസ് സൈന്യം അറിയിച്ചു.12 യുദ്ധക്കപ്പലുകളും 91 യുദ്ധവിമാനങ്ങളുമാണ് സൈനികാഭ്യാസത്തിന്റെ മൂന്നാംദിവസം ചൈന വിന്യസിച്ചതെന്ന് തായ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിൽ ജെ- 15 യുദ്ധവിമാനവും ഉണ്ടായിരുന്നു. ‘ജോയന്റ് സോർഡ്’എന്ന പേരിലായിരുന്നു ചൈന സൈനികാഭ്യാസം നടത്തിയത്. എന്നാൽ ചൈനയുടെ സൈനിക അഭ്യാസം പൂർത്തിയായെങ്കിലും നിരവധി യുദ്ധക്കപ്പലുകൾ തായ്‌വാൻ കടലിടുക്കിൽ ക്യാമ്പ്‌ ചെയ്യുകയാണെന്ന്‌ തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൈനയുടെ നടപടി നിരുത്തരവാദപരമാണെന്ന്‌ പ്രസിഡന്റ്‌ സായ്‌ ഇങ് വെൻ പറഞ്ഞു. സായ്‌ ഇങ് വെൻ യുഎസ്‌ പ്രതിനിധിസഭാ സ്‌പീക്കർ കെവിൻ മക്കാർത്തിയുമായി കൂടിക്കാഴ്‌ച നടത്തുകയും തായ്‍വാനും ജനങ്ങൾക്കും യുഎസിന്റെ എല്ലാവിധ പിന്തുണയും മക്കാർത്തി ഉറപ്പുനൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ആണ് പിന്നാലെയാണ്‌ ചൈന തായ്‌വാൻ കടലിടുക്കിൽ മൂന്നു ദിവസത്തെ സൈനിക അഭ്യാസം പ്രഖ്യാപിച്ചത്‌.

യുഎസ്‌–- ഫിലിപ്പീൻസ്‌ സംയുക്ത സൈനിക അഭ്യാസത്തിനെതിരെ ഫിലിപ്പീൻസിൽ ജനങ്ങളുടെ പ്രതിഷേധം രൂക്ഷമാവുകയാണ്. മനിലയിലെ യുഎസ്‌ എംബസിക്കു മുന്നിലും ക്വെസോൺ സിറ്റിയിലെ ഫിലിപ്പീൻസ്‌ സൈനിക ആസ്ഥാനത്തും അഗ്വിനാൾഡോയിലെ സൈനിക ക്യാമ്പിനു മുന്നിലും പ്രതിഷേധമുയർന്നു. ‘ഫിലിപ്പീൻസ്‌ ഞങ്ങളുടേതാണ്‌, അമേരിക്ക രാജ്യം വിടുക’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം.