ഗാസ പ്രമേയം യുഎൻ രക്ഷാസമിതി പാസാക്കി; അമേരിക്കയും റഷ്യയും വിട്ടുനിന്നു

യുഎൻ രക്ഷാസമിതി ഗാസ പ്രമേയം പാസാക്കി. വോട്ടെടുപ്പിൽനിന്ന് അമേരിക്കയും റഷ്യയും വിട്ടുനിന്നു. ഉടൻ വെടിനിർത്തൽ ഉണ്ടാകണമെന്ന ആവശ്യം ഇല്ലാതെയാണ് പ്രമേയം പാസാക്കിയത്. ഇസ്രയേലും ഹമാസും വെടിനിർത്തൽ ഉടമ്പടി ഉണ്ടാക്കണമെന്ന ആവശ്യം മാത്രമാണ് പ്രമേയത്തിൽ ഉള്ളത്. അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയത്തിലെ വാചകത്തിൽ അമേരിക്ക എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ അമേരിക്ക പ്രമേയത്തിന് വീറ്റോ ചെയ്തേക്കുമെന്ന സംശയം ബലപ്പെട്ടിരുന്നു. എന്നാൽ വോട്ടെടുപ്പിന്റെ ഘട്ടമെത്തിയപ്പോൾ അമേരിക്ക വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. യുദ്ധം സുസ്ഥിരമായി അവസാനിപ്പിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള നടപടികൾ ആവശ്യപ്പെടുന്ന പ്രമേയം13 അംഗങ്ങൾ അനുകൂലിച്ചതോടെയാണ് പാസായത്.

അതെ സമയം വാർത്താവിനിമയബന്ധങ്ങൾ വിച്ഛേദിച്ചശേഷം 390 പേരാണ് വെള്ളിയാഴ്ച്ച വൈകിട്ടുവരെയുള്ള ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 48 മണിക്കൂറിൽ ആണ് ഗാസയിൽ ആക്രമണം നടന്നത്. ഒക്ടോബർ ഏഴിനുതുടങ്ങിയ യുദ്ധത്തിൽ ഇതുവരെ ഇരുപതിനായിരത്തിലധികം പേരാണ്‌ കൊല്ലപ്പെട്ടത്‌. ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്‌ അനുസരിച്ച് ആറുമാസത്തിനുള്ളിൽ വെടിനിർത്തൽ നടപ്പാക്കിയില്ലെങ്കിൽ ഗാസ കൊടുംപട്ടിണിയിലാകുമെന്നും അഞ്ചുലക്ഷംപേർ ദുരിതമനുഭവിക്കുമെന്നും അറിയിച്ചു. ഇസ്രയേൽ ഉപരോധത്തിനും ബോംബാക്രമണത്തിനും കീഴിലുള്ള സാഹചര്യങ്ങളെ യുഎൻ ഉദ്യോഗസ്ഥർ ഭൂമിയിലെ നരകം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.