• inner_social
  • inner_social
  • inner_social

പലസ്തീന്റെ ഐക്യരാഷ്ട്രസഭയിലെ പൂർണ അംഗത്വം; പ്രമേയത്തെ പിന്തുണച്ച് യുഎഇ

പലസ്തീന്റെ ഐക്യരാഷ്ട്രസഭയിലെ പൂർണ അംഗത്വത്തിന് പിന്തുണ നൽകി യുഎഇ.അറബ് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഗ്രൂപ്പിന്റെ ചെയർമാൻ എന്ന നിലയിൽ ഈ തീരുമാനം യുഎഇ നേരത്തെ സമർപ്പിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയില്‍ നിരീക്ഷക പദവിയുള്ള പലസ്തീന് പൂര്‍ണ അംഗത്വം നല്‍കാന്‍ ആവശ്യപ്പെടുന്ന പ്രമേയത്തിന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഭൂരിപക്ഷം രാജ്യങ്ങളും വോട്ട് ചെയ്തു. ഇന്ത്യയുള്‍പ്പെടെ 143 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പ്രമേയം പാസായപ്പോള്‍ 25 രാജ്യങ്ങള്‍ വിട്ടുനില്‍ക്കുകയും അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങള്‍ എതിര്‍ക്കുകയും ചെയ്തു.

എല്ലാ അന്താരാഷ്ട്ര നിയമങ്ങളോടും പാലസ്തീൻ തങ്ങളുടെ പ്രതിബദ്ധത തെളിയിച്ചിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭയിൽ പൂർണ്ണ അംഗത്വം നൽകുന്നത് അന്താരാഷ്ട്ര ഇച്ഛാശക്തിയുടെ വിജയം ആണെന്നും യുഎഇ അംബാസിഡർ മുഹമ്മദ് പറഞ്ഞു. അതേസമയം ഇസ്രായേൽ എല്ലാ അന്താരാഷ്ട്ര കരാറുകളും അവഗണിക്കുകയും, ദ്വിരാഷ്ട്ര പരിഹാരം പരസ്യമായി നിരസിക്കുകയും ചെയ്തുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഐക്യരാഷ്ട്ര സഭയില്‍ പൂര്‍ണ അംഗരാജ്യമായി അംഗീകരിക്കാനുള്ള ശ്രമങ്ങള്‍ 2011 മുതലാണ് പലസ്തീന്‍ ആരംഭിക്കുന്നത്. നിലവില്‍ നിരീക്ഷണ പദവിയുള്ള അംഗമല്ലാത്ത സ്ഥാനമാണ് പലസ്തീനിന്റേത്. 2012 നവംബറിലാണ് ഈ പദവി പലസ്തീന് ലഭിക്കുന്നത്.