’37 ദശലക്ഷം ടണ്‍’; ഗാസയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ഒരു ദശാബ്ദത്തിലേറെ സമയമെടുക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന

ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ​ഗാസയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ  ഒരു ദശാബ്ദത്തിലേറെ സമയമെടുക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന. ഗാസയിലുടനീളം 37 ദശലക്ഷം ടൺ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുണ്ട്. അതായത് സ്ക്വയർ മീറ്ററിൽ 300 കിലോ ഗ്രാം എന്ന നിരക്കിൽ. ഈ മാസം ആദ്യം പുറത്ത് വന്ന ലോകബാങ്കിന്റെയും ഐക്യരാഷ്ട്രസഭയുടെയും പുതിയ റിപ്പോർട്ട് പ്രകാരം ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ ആദ്യ നാല് മാസങ്ങളിൽ സംഭവിച്ച നാശനഷ്ടം 18.5 ബില്യൺ ഡോളറിന്റേതാണ്.

 “അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതും കെട്ടിടങ്ങള്‍ പുനർനിർമ്മിക്കുന്നതുമെല്ലാം അപകടകരമായ കാര്യമാണ്. തകർന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ ഷെല്ലുകളും മിസൈലുകളും മറ്റ് ആയുധങ്ങളും ഉണ്ടാകാം. തൊടുത്തവയില്‍ ഏകദേശം 10 ശതമാനത്തോളം ആയുധങ്ങളും പൊട്ടിത്തെറിച്ചിട്ടുണ്ടാകില്ല. ബോംബുകള്‍ നിർവീര്യമാക്കുന്ന സംഘത്തിന്റെ സഹായമില്ലാതെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ സാധിക്കില്ല,” യുഎൻ മൈൻ ആക്ഷൻ സർവീസിലെ ഉന്നത ഉദ്യോ​ഗസ്ഥൻ പെഹർ ലോധാമർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദിവസം 100 ട്രക്കുകളിൽ വീതം മാലിന്യങ്ങൾ നീക്കിയാലും ഈ പ്രക്രിയ പൂർത്തിയാകാൻ 14 വർഷമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതെ സമയം ഗാസയിലെ ആശുപത്രികളിലെ കൂട്ടക്കുഴിമാടങ്ങളിൽനിന്ന് നൂറുകണക്കിന് മൃതദേഹങ്ങൾ കണ്ടെടുത്ത സംഭവത്തിൽ ഇസ്രയേൽ വിശദീകരനം നൽകണമെന്ന് വൈറ്റ്ഹൗസ് സുരക്ഷാസമിതി വക്താവ് ജെയ്ക്ക് സള്ളിവൻ ആവശ്യപ്പെട്ടു. “ഞങ്ങൾക്ക് ഉത്തരം വേണം. ഇക്കാര്യം വിശദവും സുതാര്യവുമായി അന്വേഷിക്കപ്പെടണം.”-സള്ളിവൻ പറഞ്ഞു. തെക്കൻഗാസയിലെ ഖാൻ യൂനിസിലുള്ള നാസർ ആശുപത്രിയിൽനിന്ന് 340 ലേറെ മൃതദേഹങ്ങൾ ഈയാഴ്ച കണ്ടെടുത്തിരുന്നു. അൽശിഫ ആശുപത്രിവളപ്പിലും രണ്ടു കുഴിമാടങ്ങളിൽ നിന്ന് 30-ലേറെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു.