യുഎസിന്റെ രഹസ്യ ആയുധം; ദീർഘദൂര ബാലിസ്റ്റിക് മിസൈൽ റഷ്യക്കെതിരേ പ്രയോഗിച്ച് യുക്രെയ്‌ൻ

കഴിഞ്ഞ ദിവസം ക്രൈമിയയിലെ വ്യോമസേനാ കേന്ദ്രത്തിലും മറ്റൊരു റഷ്യൻ അധിനിവേശ മേഖലയിലും യുക്രെയ്ൻ ടാക്ടിക്കൽ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തിയതായുള്ള വാർത്തകൾ പുറത്തുവരികയാണ്. എന്നാൽ ഈ ടാക്ടിക്കൽ ബാലിസ്റ്റിക് മിസൈൽ റഷ്യൻ അധിനിവേശത്തിനെതിരെ പോരാടാൻ രഹസ്യമായി അമേരിക്ക കൈമാറിയതാണെന്ന റിപ്പോട്ടുകൾക്കു സ്ഥിരീകരണം. 2024 മാർച്ചിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയ 30 കോടി ഡോളർ സഹായ പാക്കേജിന്റെ ഭാഗമായുള്ള ആയുധങ്ങൾ ഏപ്രിലിലാണ് യുക്രെയ്ന് കൈമാറിയത്. ഇതിന്‍റെ ഭാഗമായിരുന്നു ദീർഘദൂര ബാലിസ്റ്റിക് മിസൈൽ എന്ന് അമേരിക്കൻ അധികൃതർ സ്ഥിരീകരിച്ചു.

ആധുനിക മിസൈലുകൾ യുഎസ് നേരത്തെ തന്നെ യുക്രെയ്നു നൽകുന്നുണ്ടായിരുന്നു. രണ്ടുവർഷം മുൻപ് യുഎസ് ഹിമാർസ് മിസൈലുകളും നൽകിയിരുന്നു. എം 142 ഹൈ മൊബിലിറ്റി ആർട്ടിലറി മൊബിലിറ്റി റോക്കറ്റ് സിസ്റ്റം എന്നതാണു ഹിമാർസ് മിസൈലുകളുടെ പൂർണരൂപം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ക്രിമിയയിലെ തുറമുഖ നഗരമായ ബെർഡിയാൻസ്കിൽ റഷ്യൻ സൈനികർക്കെതിരായ ആക്രമണത്തിലും പുതിയ മിസൈലുകൾ പ്രയോഗിച്ചിരുന്നു. ക്രിമിയയിലെ റഷ്യൻ എയർഫീൽഡിൽ ആക്രമണം നടത്താൻ കഴിഞ്ഞയാഴ്ച ആദ്യമായി ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചതായി അന്താരാഷ്ട്ര വാർത്ത ഏജൻസി റോയിട്ടേഴ്‌സ് ആണ് റിപ്പോർട്ട് ചെയ്തത്.