വൈദ്യസഹായവും മെഡിക്കൽ ഉപകരണങ്ങളും: ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ച് യുക്രൈൻ

വൈദ്യസഹായവും, മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പെടെയുള്ള സഹായങ്ങൾ ലഭ്യമാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട്‌ ഇന്ത്യക്ക് യുക്രെയിൻ സർക്കാറിന്റെ കത്ത്. യുക്രൈൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി വഴിയാണ് സെലൻസ്കി ഇന്ത്യൻ പ്രധാനമന്ത്രിക്ക് കത്ത് നൽകിയത്. ഇന്ത്യയിലെ ജി20 യോഗത്തിൽ യുക്രൈൻ പ്രസിഡന്റിനെ കൂടി പങ്കെടുപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. യുക്രൈനിൽ റഷ്യൻ ആക്രമണം തുടരുന്നതിനിടെയാണ് സെലൻസ്കി സഹായം തേടിയത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് യുക്രൈൻ അഭിമുഖീകരിക്കുന്നത്. റഷ്യയുടെ അധിനിവേശം ഉക്രെയ്നിലെ 15 വർഷത്തെ സാമ്പത്തിക പുരോഗതി ഇല്ലാതാക്കി. മൊത്ത ആഭ്യന്തര ഉൽപ്പാദനം 29 ശതമാനം കുറയ്ക്കുകയും 1.7 ദശലക്ഷം ഉക്രേനിയക്കാരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്തുവെന്ന് ലോക ബാങ്ക് റിപ്പോർട്ട് പുറത്തുവന്നിരുന്നു. യുദ്ധത്തിനിടെ 461 കുട്ടികൾ ഉൾപ്പെടെ 9,655 സിവിലിയന്മാരെങ്കിലും മരിച്ചതായാണ് സ്ഥിരീകരണം. ഏകദേശം 2 ദശലക്ഷം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുക്രൈൻ സംഘർഷം ആരംഭിച്ചതിന് ശേഷം, പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും സെലൻസ്‌കിയുമായും നിരവധി തവണ ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ സെലൻസ്‌കിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, സൈനിക പരിഹാരത്തിന് കഴിയില്ലെന്നും എന്നാൽ ഏത് സമാധാന ശ്രമങ്ങൾക്കും സംഭാവന നൽകാൻ ഇന്ത്യ തയ്യാറാണെന്നും മോദി പറഞ്ഞു.അതെ സമയം യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ ഇന്ത്യ ഇതുവരെ അപലപിച്ചിട്ടില്ല, നയതന്ത്രത്തിലൂടെയും ചർച്ചകളിലൂടെയും പ്രതിസന്ധി പരിഹരിക്കണമെന്ന് ആണ് വിഷയത്തിൽ ഇന്ത്യയുടെ നിലപാട്.