റെയില്‍ ഗതാഗതം സ്തംഭിപ്പിച്ച് ബ്രിട്ടനിലെ ട്രെയിന്‍ തൊഴിലാളികള്‍ വീണ്ടും പണിമുടക്കിൽ. മൂന്നുദിവസത്തെ പണിമുടക്കിന്റെ ആദ്യദിനമായ വ്യാഴാഴ്ച അഞ്ചിലൊന്ന് സര്‍വീസ് മാത്രമാണ് നടന്നത്. വരും ദിവസങ്ങളിൽ ലണ്ടനിലെ ബസ് സര്‍വീസിനെയും സബ് വേ സര്‍വീസുകളെയും സമരം ബാധിക്കും. ശനിയാഴ്ച വരെയാണ് പണിമുടക്ക്. ജൂണ്‍മുതല്‍ ഇതുവരെ ആറു സമരമാണ് ഗതാഗതമേഖലയിലുണ്ടായിട്ടുള്ളത്. രൂക്ഷമാകുന്ന വിലക്കയറ്റത്തെ അതിജീവിക്കാന്‍ ശമ്പളവര്‍ധന ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്.
2022 ജൂണ്‍ 21, 23, 25 തീയതികളില്‍ ബ്രിട്ടനില്‍ ദേശീയാടിസ്ഥാനത്തില്‍ നടന്ന റെയില്‍ തൊഴിലാളികളുടെ പണിമുടക്ക് ലോകശ്രദ്ധ നേടുകയുണ്ടായി. നാഷണല്‍ യൂണിയന്‍ ഓഫ് റെയില്‍, മാരിടൈം ആന്റ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് (ആർഎംടി) ആഹ്വാനം ചെയ്ത പണിമുടക്കിൽ ഡ്രൈവർമാരും സിഗ്നല്‍ തൊഴിലാളികളും സ്റ്റേഷന്‍ സ്റ്റാഫും ട്രെയിന്‍ മെയിന്റനൻസ് സ്റ്റാഫും ഗാർഡുകളും ഉൾപ്പെടെ 50,000 തൊഴിലാളികള്‍ പങ്കാളികളായി. ബ്രിട്ടന്റെ റെയിൽവെ പശ്ചാത്തല സംവിധാനത്തിന്റെയാകെ ഉടമസ്ഥതയുള്ള പൊതുമേഖലാ സ്ഥാപനം നെറ്റ് വർക്ക് റെയില്‍, ലണ്ടന്‍ അണ്ടര്‍ ഗ്രൗണ്ട്, പ്രത്യേകം റെയിൽവെ റൂട്ടുകളില്‍ പാസഞ്ചര്‍ സർവീസ് നടത്തുന്ന പതിമൂന്ന് സ്വകാര്യ ട്രെയിന്‍ ഓപ്പറേറ്റിങ് കമ്പനികള്‍ (ടിഒസികള്‍) എന്നിവയിലാകെ ജൂണ്‍ 21ന്റെ പണിമുടക്ക് ബാധിച്ചു. 1989നുശേഷം ബ്രിട്ടനിലെ റെയിൽവെ നെറ്റ് വർക്കിൽ നടക്കുന്ന ഏറ്റവും വലിയ പണിമുടക്കായി ഇത് മാറി.
പണിമുടക്കിനനുകൂലമായി റെയിൽവെ തൊഴിലാളികളില്‍ 90 ശതമാനത്തോളം പേരും വോട്ടു രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്നുവർഷമായി ബ്രിട്ടനിലെ റെയിൽവെ ജീവനക്കാരുടെ വേതനം മരവിപ്പിച്ചിരിക്കുകയാണ്. പ്രതിവർഷം 50 കോടിയിലേറെ പൗണ്ടിന്റെ ലാഭമുണ്ടാക്കുമ്പോഴും തൊഴിലാളികള്‍ അധികമാണെന്ന പേരില്‍ നിർബന്ധിത വെട്ടിച്ചുരുക്കല്‍ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. റെയിൽവെ ട്രാക്കില്‍ പണിയെടുക്കുന്നവര്‍ മാത്രമല്ല, എഞ്ചിനീയറിങ് സ്റ്റാഫ്, ഓപ്പറേഷണല്‍ സ്റ്റാഫ്, കാറ്ററിങ് സ്റ്റാഫ്, ക്ലീനിങ് സ്റ്റാഫ്, സ്റ്റേഷന്‍ സ്റ്റാഫ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ആയിരക്കണക്കിന് തൊഴിലുകളാണ് ഇതുമൂലം നഷ്ടപ്പെടാന്‍ സാധ്യതയുള്ളത്. റെയിൽവെയുടെ സുരക്ഷ, വിശ്വസനീയത, പ്രാപ്യത എന്നിവയിലെല്ലാം ഇത് ഗുരുതരമായ അനന്തരഫലങ്ങളുണ്ടാക്കുന്നതാണ് ഈ നടപടി. നിർണായകമായ അറ്റകുറ്റപ്പണികള്‍ പോലും ഭീഷണിയിലാവും. കുതിച്ചുയരുന്ന വിലക്കയറ്റവും താഴ്ന്ന ജീവിത നിലവാരവും തൊഴിലാളികളുടെ പ്രതിഷേധത്തിന് വഴി വെച്ചു.
ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയംമൂലമാണ് തൊഴില്‍തര്‍ക്കം നീണ്ടുപോകുന്നതെന്ന് റെയില്‍ മാരിടൈം ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് (ആര്‍എംടി) യൂണിയന്‍ നേതാവ് മിക് ലിഞ്ച് പറഞ്ഞു. കുറഞ്ഞവേതനത്തില്‍ രാജ്യത്ത് ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. ആയിരക്കണക്കിനു തൊഴിലാളികൾക്ക് അവര്‍ക്ക് അര്‍ഹമായ വേതനംപോലും ലഭിക്കുന്നില്ലെന്നും മിക് പറഞ്ഞു.