റമദാൻ സമ്മാനം; മുസ്‌ലിം വിശുദ്ധ സ്ഥാപനങ്ങൾ സംരക്ഷിക്കാൻ 150 മില്യണ്‍ ഡോളര്‍ അനുവദിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍

രാജ്യത്തെ ഇസ്ലാം മത വിശ്വാസികൾക്ക് റമദാൻ സമ്മാനമായി 150 മില്യണ്‍ ഡോളര്‍ അനുവദിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍. രാജ്യത്തെ മസ്ജിദുകളും മുസ്‌ലിം വിശുദ്ധ സ്ഥലങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടി നാല് വര്‍ഷം കൊണ്ടാണ് ഈ തുക അനുവദിക്കുക. സിസിടിവികള്‍, അലാറങ്ങള്‍, സുരക്ഷാ വേലികള്‍ എന്നിവയടക്കം സ്ഥാപിക്കുന്നതിനായാണ് ഈ തുക ചെലവഴിക്കുകയെന്ന് ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പറഞ്ഞു. ബ്രിട്ടീഷ് മുസ്‌ലിങ്ങളുടെ ആത്മവിശ്വാസവും ധൈര്യവും ഉയര്‍ത്തുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം വിരുദ്ധതക്ക് ഒരു സ്ഥലവും ഞങ്ങളുടെ സമൂഹത്തിലില്ല. ബ്രിട്ടീഷ് മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന അസഭ്യവര്‍ഷത്തെ മധ്യേഷയില്‍ നടക്കുന്ന സംഭവങ്ങള്‍ ഉയര്‍ത്തി ന്യായീകരിക്കാന്‍ സമ്മതിക്കില്ല. യുകെയിലെ മുസ്‌ലിങ്ങള്‍ക്കൊപ്പമാണ് നിലയുറപ്പിക്കുകയെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ജെയിംസ് ക്ലെവര്‍ലി പറഞ്ഞു.

അതെ സമയം മുസ്ലിം സമൂഹത്തിനെതിരെ സർക്കാരിന്റെ ചില പ്രതിനിധികളിൽ നിന്നും ഉയർന്നു വന്ന പ്രകോപനപരമായ ചില പരാമർശങ്ങൾ അപലപിക്കുന്നതിലും, തടയുന്നതിൽ പ്രധാനമന്ത്രി ഋഷി സുനക് പരാജയപ്പെട്ടെന്ന വിമര്ശനങ്ങൾക്കിടയിലാണ് സർക്കാരിന്റെ നീക്കം എന്നതും ശ്രദ്ധേയമാണ്. ലണ്ടനിൽ അടുത്തിടെ നടന്ന ചില ഫലസ്തീൻ അനുകൂല മാർച്ചുകൾ “തീവ്രവാദ സംഘടനകൾ” സംഘടിപ്പിച്ചതാണെന്ന് തരത്തിൽ ചില പ്രസ്താവനകൾ വലിയ ചർച്ചയ്ക്കു വിധേയമായിരുന്നു. ഇതേ തുടർന്ന് പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്തോനേഷ്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള തീവ്രവാദ ഇസ്ലാമിക് കാഴ്ചപ്പാടുകളുള്ള വിദ്വേഷപ്രാസംഗികർക്ക് യുകെയിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. നിലവിലുള്ള ദേശീയ സുരക്ഷാ നിയമങ്ങൾ ഉപയോഗിച്ച് “പൊതുജനനന്മയ്ക്ക് അനുയോജ്യമല്ലാത്തവർ” യുകെയിൽ പ്രവേശിക്കുന്നത് തടയാനുള്ള ശ്രമങ്ങൾ ഊര്ജിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. യുകെയിലെ വര്‍ധിച്ചുവരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളിൽ ബ്രിട്ടീഷ് സര്‍ക്കാര്‍ ആശങ്കാകുലരാണെന്നും ടെലിഗ്രാഫ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.