4500 ബ്രിട്ടീഷ് പൗണ്ട് വിലയിട്ട ‘നാഗ മനുഷ്യന്റെ’ തലയോട്ടിലേലം പിൻവലിച്ചു

പത്തൊമ്പതാം നൂറ്റാണ്ടിലെ നാഗ ആദിവാസിയുടെ തലയോട്ടി ലേലം ചെയ്യുന്നതിൽനിന്ന്‌ യുകെ ഓക്‌സ്‌ഫോർഡ്‌ഷെയറിലെ ലേലക്കമ്പനി പിന്മാറി. ബ്രിട്ടീഷ് ഭരണകാലത്ത് കടത്തിക്കൊണ്ടു പോയെന്നു കരുതപ്പെടുന്ന നാഗ യുവാവിന്റെ കാളയുടെ കൊമ്പില്‍ ചേര്‍ത്തുവെച്ച തലയോട്ടി വില 3500 മുതല്‍ 4500 ബ്രിട്ടീഷ് പൗണ്ടിന് സ്വന്തമാക്കാമെന്ന് ലേലക്കമ്പനിയായ സ്വാന്‍ ഫൈന്‍ ആര്‍ട്ട് അറിയിച്ചിരുന്നു. തുടർന്നാണ് നാഗാ യുവാവിന്റെ തലയോട്ടി ലേലത്തിന് വെച്ചതിന് എതിരെ നാഗാലാന്‍ഡ് മുഖ്യമന്ത്രിയും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തുന്നത്.

ലേലത്തിനെതിരെ ഫോറം ഫോർ നാഗ റികൺസിലിയേഷൻ(എഫ്‌എൻആർ) എന്ന സംഘടനയാണ് രം​ഗത്തുവന്നത്. ആദിവാസി വിഭാഗങ്ങളുടെ അവകാശസംരക്ഷണത്തിനായുള്ള യുഎൻ നിയമങ്ങളുടെ ലംഘനമാണിതെന്ന്‌ സംഘടന ചൂണ്ടിക്കാട്ടി. പത്തൊമ്പതാം നൂറ്റാണ്ടില്‍ നാഗാലാന്‍ഡില്‍ ആക്രമണം നടത്തിയ ബ്രിട്ടീഷ് സൈന്യം ജനങ്ങളുടെ സമ്മതമില്ലാതെ കൊണ്ടുപോയ തലയോട്ടികളില്‍ ഒന്നാണിതെന്ന് നാഗാലാന്‍ഡ് മുഖ്യമന്ത്രി നൈഫു റിയോ പറഞ്ഞു.

”നാഗാ ജനസമൂഹങ്ങള്‍ക്ക് മേല്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം അഴിച്ചുവിട്ട ഭീകരതയുടെ തെളിവാണ് ഈ തലയോട്ടി. പിശാചുക്കാളായി ചിത്രീകരിക്കപ്പെട്ട നാഗന്‍മാരുടെ തലക്ക് വിലയിട്ട് ബ്രിട്ടീഷുകാര്‍ വേട്ടയാടിയിരുന്നു. അതേ മാനസികാവസ്ഥ ഇന്നും തുടരുന്നുണ്ടെന്നാണ് ലേലം തെളിയിക്കുന്നത്.”- നൈഫു റിയോ ആരോപിച്ചു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് മുഖ്യമന്ത്രി കത്തും എഴുതിയിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ ആണ് ഏജൻസി ലേലത്തിൽ നിന്ന് പിന്മാറിയതെന്നാണ് വിവരം.