യാഗി ചുഴലിക്കാറ്റ്; വിയറ്റ്‌നാമിൽ 150 പേർ മരിച്ചു, 59 പേരെ കാണാതായി

വടക്കൻ വിയറ്റ്‌നാമിൽ യാഗി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും 150 പേർ മരിക്കുകയും 59 പേരെ കാണാതാകയും ചെയ്തു. ക്വിയറ്റ് താങ് പ്രദേശത്ത് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നദിയിലെ അണക്കെട്ട് തകർന്നതായി അധികൃതർ സ്ഥിരീകരിച്ചു. ഏഷ്യയിലെ ഈ വർഷത്തെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റായ യാഗിയാണ് വിയറ്റ്‌നാമിന്റെ വടക്കൻ പ്രദേശങ്ങളിൽ തീരംതൊട്ടത്. ഹായ്‌ ഫോങ്‌, ക്വാങ്‌ നിങ്‌ പ്രദേശങ്ങളിൽ മണിക്കൂറിൽ 203 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് പ്രവേശിച്ചത്. നിവലിൽ കാറ്റ് പടിഞ്ഞാറൻ ഭാ​ഗങ്ങളിലേക്ക് നീങ്ങുകയാണ്. കാറ്റിനെത്തുടർന്ന് വിയറ്റ്നാമിൽ മണ്ണിടിച്ചിലും രൂക്ഷമായിരുന്നു.

ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽ 2024 ന്‍റെ തുടക്കം മുതൽ ഓഗസ്റ്റ് 5 വരെ വിയറ്റ്‌നാമിൽ 111 പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. അഞ്ച് വർഷത്തിനിടെ ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന കണക്കാണിതെന്ന് ദേശീയ പ്രകൃതി ദുരന്ത പ്രതിരോധ നിയന്ത്രണ കമ്മിറ്റി അറിയിച്ചു.

നേരത്തെ 2024 ലെ ഏഷ്യയിലെ ഏറ്റവും ശക്തമായ ഉഷ്ണമേഖലാ കൊടുങ്കാറ്റ്‌ ‘യാഗി’ ദക്ഷിണ ചൈനയിലെ ഹൈനാനിൽ ആഞ്ഞടിച്ചിരുന്നു. ശക്തമായ കൊടുങ്കാറ്റിൽ 3 പേർ മരിച്ചതായും 95 പേർക്ക് പരിക്ക്‌ പറ്റിയതായും ചൈനീസ്‌ മാധ്യമമായ ഗ്ലോബൽ ടൈംസ്‌ റിപ്പോർട്ട് ചെയ്തു. മണിക്കൂറിൽ 234 കിലോമീറ്റർ വേഗതയിൽ വീശിയ കാറ്റ്‌ ഈ ആഴ്ച ആദ്യം വടക്കൻ ഫിലിപ്പീൻസിൽ 16 പേരുടെ മരണത്തിനിടയാക്കിയിരുന്നു. രാജ്യത്തി​ന്‍റെ തെക്കു ഭാഗത്തുള്ള പത്തു ലക്ഷത്തോളം ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. ടൂറിസ്റ്റ് ദ്വീപായ ഹൈനാണിനെ കാറ്റ് അക്ഷരാർഥത്തിൽ സ്തംഭിപ്പിച്ച്.