ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച സംഭവം; 38 മരണം, ഗതാഗത മന്ത്രി രാജി വെച്ചു

ഗ്രീസിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് കത്തി; 38 മരണം, അപകടത്തിൽ നിരവധിപ്പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു. പാസഞ്ചർ ട്രെയിൻ എതിർദിശയിൽ സഞ്ചരിക്കുകയായിരുന്ന ചരക്ക് ട്രെയിനിൽ ഇടിച്ചാണ് അപകടമുണ്ടായത്. നൂറുകണക്കിന് യാത്രക്കാർ ട്രെയിനിൽ ഉണ്ടായിരുന്നു. സംഭവത്തിൽ സ്റ്റേഷൻ മാസ്റ്ററെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി ലാരിസ നഗരത്തിന് സമീപം പ്രാദേശികസമയം രാത്രി 7.30 ഓടെയായിരുന്നു അപകടം.

ഗ്രീസ് തലസ്ഥാനമായ ഏഥൻസിൽ നിന്ന് വടക്കൻ ഗ്രീക്ക് നഗരമായ തെസ്സലോനിക്കിയിലേക്ക് പോകുകയായിരുന്ന പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ ട്രെയിനുകളുടെ ബോഗികൾ പാളം തെറ്റുകയും ചിലത് തീപിടിച്ച് പൊട്ടിത്തെറിക്കുകയും ചെയ്തു. അപകടത്തിലും തുടർന്നുണ്ടായ തീപിടിത്തത്തിലുമാണ് ആൾക്കാർ മരിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോട്ടാക്കിസ് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. അതെ സമയം അപകടത്തിന്റെ ഉത്തരവാദിത്തം ഗ്രീക്ക് ഭരണകൂടം ഏറ്റെടുത്തു. സംഭവത്തെ തുടര്‍ന്ന് ഗ്രീക്ക് ഗതാഗത മന്ത്രി കോസ്റ്റാസ് രാജി വെച്ചു. രാജ്യത്ത് വലിയ അപകടം സംഭവിക്കുമ്പോള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് വ്യക്തമാക്കിയാണ് മന്ത്രി രാജി വെച്ചത്.