സ്കൂൾ ചട്ടം ലംഘിച്ച വിദ്യാർത്ഥികളുടെ മുടി മുറിച്ച് അധ്യാപകൻ; തായ്‌ലൻഡിൽ വ്യാപക പ്രതിഷേധം

തായ്‌ലന്‍റിൽ സ്കൂൾ ചട്ടം ലംഘിച്ചെന്നാരോപിച്ച് വിദ്യാർത്ഥികളുടെ തല വടിച്ച അധ്യാപകനെ ജോലിയിൽ നിന്നും പുറത്താക്കി സ്കൂൾ അധികൃതർ. സ്കൂൾ നിയമങ്ങൾ ലംഘിച്ച 66 ഓളം വിദ്യാർത്ഥികളുടെ തലയാണ് അധ്യാപകൻ വടിച്ചത്. അതേസമയം സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് തായ്‌ലൻഡിൽ അരങ്ങേറുന്നത്. അതെ സമയം അധ്യാപകന്റെ പ്രവർത്തി അനുചിതവും അതിരുകടന്നതുമായ പ്രവൃത്തിയുടെ പേരിൽ അധ്യാപകനെ പുറത്താക്കിയതായി സ്കൂൾ സ്കൂൾ അധികൃതരും അറിയിച്ചു.

വെസ്റ്റേൺ തായ്‌ലൻഡിലെ മെയ്‌സോഡ് ടെക്‌നിക്കൽ കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഒരു അധ്യാപകനാണ് വിദ്യാർത്ഥികളുടെ മുടിയുടെ നീളം സ്‌കൂൾ ചട്ടങ്ങളിൽ പറഞ്ഞിട്ടുള്ളതിനേക്കാൾ കൂടുതലാണെന്ന് ആരോപിച്ചത്. തുടർന്ന് ഇദ്ദേഹം ശിക്ഷാ നടപടി എന്നവണ്ണം വിദ്യാർത്ഥികളുടെ തല മൊട്ടയടിക്കുകയായിരുന്നു. അധ്യാപകനെതിരെ നിയമനടപടി സ്വീകരിക്കുന്നത് പരിഗണിക്കാൻ വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും എന്നാൽ തുടർ നടപടികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് തൈച്ച് 8 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.