ഹിസ്ബുള്ള മേധാവി ഹസൻ നസറള്ളയുടെ വധത്തോടെ പശ്ചിമേഷ്യയിലാകെ യുദ്ധഭീതി രൂക്ഷമായ സാഹചര്യത്തിൽ ലബനൻ അതിർത്തിയിലേക്ക് മൂന്ന് ബ്രിഗേഡ് റിസർവ് പട്ടാളക്കാരെക്കൂടി വിന്യസിച്ച് ഇസ്രയേൽ. കൂടുതൽ ടാങ്കുകളും കവചിത വാഹനങ്ങളും അതിർത്തി ലക്ഷ്യമാക്കി നീങ്ങുന്നുണ്ട്. അതെ സമയം ഹസന്‍ നസ്രള്ള കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇറാനില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. നസ്രള്ളയുടെ ചിത്രങ്ങളുമേന്തിയാണ് പ്രതിഷേധക്കാര്‍ തെരുവുകള്‍ കയ്യടക്കിയത്. ഇസ്രയേലിനും യു.എസ്സിനുമെതിരെ മുദ്രാവാക്യം മുഴക്കിയും പ്രതികാരം ചെയ്യണമെന്ന ആവശ്യം ഉയര്‍ത്തിയുമാണ് പ്രതിഷേധങ്ങള്‍ അരങ്ങേറിയത്.
ലബനനെ മറ്റൊരു ഗാസയാക്കരുതെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കഴിഞ്ഞ ദിവസവും അഭ്യർഥിച്ചിരുന്നു. എന്നാൽ, ആക്രമണം അവസാനിപ്പിക്കില്ലെന്ന് യു എൻ പൊതുസഭാ സമ്മേളനത്തിൽത്തന്നെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു. നസ്രള്ളയുടെ മരണത്തെ തുടര്‍ന്ന് ലെബനന്‍ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. നസ്രള്ളയെ വധിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ ലെബനനില്‍ നിന്ന് ഇസ്രയേലിനെതിരെയുള്ള ആക്രമണം കനത്തു. വ്യോമാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ജറുസലേമിന് സമീപത്ത് ഉള്‍പ്പെടെ ഇസ്രയേലിലെ പലയിടങ്ങളിലും സൈറണ്‍ മുഴങ്ങി.
ഇറാനിൽവച്ച് അന്നത്തെ ഹമാസ് മേധാവി ഇസ്മയിൽ ഹനിയയെ വധിച്ചതും പ്രകോപനലക്ഷ്യത്തോടെതന്നെ. വെള്ളിയാഴ്ചത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഇറാൻ റവല്യൂഷണറി ഗാർഡ് ഡെപ്യൂട്ടി കമാൻഡറുമുണ്ട്. അതിനിടെ, ശനിയാഴ്ചയും ബെയ്‌റൂട്ടും ബെകാ താഴ്‌വരയും ലക്ഷ്യമാക്കി ശക്തമായ ആക്രമണം തുടരുകയാണ് ഇസ്രയേൽ. 11 പേർ കൊല്ലപ്പെട്ടു. 108 പേർക്ക് പരിക്കേറ്റു. ഒരാഴ്ചയ്ക്കിടെ 1030 പേരാണ് ലബനനിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.