റഫയിൽ ആക്രമണം രൂക്ഷം; ആറ് കുട്ടികൾ ഉൾപ്പെടെ പത്ത് മരണം

ഗസ്സയുടെ തെക്കേ അറ്റത്തുള്ള വീടിനു നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ആറ് കുട്ടികളുൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ടാണ് റഫ നഗരത്തിന്റെ പടിഞ്ഞാറ് ടെൽ സുൽത്താൻ പരിസരത്തുള്ള പാർപ്പിട സമുച്ചയത്തിൽ മിസൈൽ പതിച്ചത്. ആറ് കുട്ടികളുടെയും രണ്ട് സ്ത്രീകളുടെയും പുരുഷൻമാരുടെയും മൃതദേഹങ്ങൾ റഫയിലെ അബു യൂസുഫ് അൽ-നജ്ജാർ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.

സഖ്യകക്ഷിയായ യു എസ് ഉൾപ്പെടെ അന്താരാഷ്ട്ര സമൂഹം റഫ ആക്രമണത്തിൽ സംയമനം പാലിക്കണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ട് ദിവസങ്ങൾക്കകമാണ് ആക്രമണം. ഹമാസ് പോരാളികളിൽ പലരും റഫ ഒളിയിടമാക്കിയതായാണ് അക്രമത്തിന് പ്രേരണയായതെന്ന് ഇസ്രായേൽ പറഞ്ഞു.

അതെ സമയം ഏഴാം മാസത്തിലെത്തിയ ഇസ്രയേലിന്റെ ഗാസ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 34,012 ആയി. ഗാസയിൽ കൊല്ലപ്പെട്ടവരിൽ 10,000 പേരെങ്കിലും സ്ത്രീകളാണെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ഇസ്റാഈൽ തടവിലാക്കിയ ഫലസ്തീനികളുടെ ആകെ എണ്ണം 8,340 ആണ്. അതിനിടെ ഇന്നലെ ഗാസയിലെ നസ്സർ മെഡിക്കൽ കോംപ്ലക്സ് വളപ്പിൽ നിന്ന് 50 പലസ്തീൻകാരെ കൂട്ടത്തോടെ അടക്കം ചെയ്തത് കണ്ടെത്തി. ഖാൻ യൂനിസിലെ ഈ ആശുപത്രിയിൽ ഇത്രയും നാൾ തുടർന്നിരുന്ന ഇസ്രായേൽ സൈന്യം പിൻവാങ്ങിയപ്പോഴാണ് മൃതദേഹങ്ങൾ കൂട്ടത്തോടെ അടക്കം ചെയ്തത് വെളിച്ചത്തു വന്നത്. രണ്ടാഴ്ചയാളം ആശുപത്രി ഇസ്രായേലി സൈന്യത്തിന്റെ പിടിയിലായിരുന്നു.