‘വ്യാജന്മാര്‍ കുടുങ്ങും’: യൂറോപ്യന്‍ നിയമത്തില്‍ ഒപ്പുവച്ച് ഗൂഗിളും, ഫേസ്ബുക്കും, ട്വിറ്ററും

ആൽഫബെറ്റ് യൂണിറ്റ് ഗൂഗിൾ, ഫേസ്ബുക്ക്, ട്വിറ്റർ, മറ്റ് ടെക് കമ്പനികൾ തുടങ്ങിയവര്‍ അവരവരുടെ പ്ലാറ്റ്‌ഫോമുകളിലെ ഡീപ്ഫേക്കുകള്‍ക്കും വ്യാജ അക്കൗണ്ടുകള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കാമെന്ന് സമ്മതിച്ചു. ഇന്ന് അപ്ഡേറ്റ് ചെയ്ത യൂറോപ്യൻ യൂണിയൻ പ്രാക്ടീസ് കോഡ് പ്രകാരമാണ് നടപടി സ്വീകരിക്കാന്‍ സമ്മതം അറിയിച്ചത്.

കഴിഞ്ഞ ദിവസം ഡീപ്ഫേക്കുകള്‍ക്കും വ്യാജ അക്കൗണ്ടുകള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ രംഗത്തു വന്നിരുന്നു. അല്ലാത്ത പക്ഷം അപ്‌ഡേറ്റ് ചെയ്ത യൂറോപ്യൻ യൂണിയൻ കോഡ് ഓഫ് പ്രാക്ടീസ് പ്രകാരം കനത്ത പിഴ ഈടാക്കുന്നതാണെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.വ്യാജ വാർത്തകൾക്കെതിരായ നടപടികളുടെ ഭാഗമായി യൂറോപ്യൻ കമ്മീഷൻ അപ്‌ഡേറ്റ് ചെയ്ത പ്രാക്ടീസ് കോഡ് ഇന്ന് പ്രസിദ്ധീകരിച്ചു. പരസ്യ സ്ഥാപനങ്ങൾ ഉൾപ്പെടെ 30-ലധികം സ്ഥാപനങ്ങളാണ് കോഡില്‍ ഒപ്പിട്ടിരിക്കുന്നത്. യൂറോപ്യൻ കമ്മീഷനാണ് ഇക്കാര്യം പുറത്തുവിട്ടത്.

2018-ൽ അവതരിപ്പിച്ച വോളണ്ടറി കോഡ് നിലവില്‍ കോ-റെഗുലേഷൻ സ്കീമായി മാറിയിട്ടുണ്ട്. കോഡനുസരിച്ച് നിയന്ത്രിക്കുന്നവരും ഒപ്പിടുന്നവരും തമ്മിൽ ഉത്തരവാദിത്തം പങ്കിടണം. കൂടാതെ ഡീപ്‌ഫേക്കുകളും വ്യാജ അക്കൗണ്ടുകളും സംബന്ധിച്ച കാര്യങ്ങള്‍ ഒക്കെ കോഡനുസരിച്ച് ഒപ്പിട്ടവർ നിയന്ത്രിക്കണം.രാഷ്ട്രിയ പശ്ചാത്തലങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടി കമ്പ്യൂട്ടർ ടെക്നിക്കുകൾ സൃഷ്ടിച്ച ഹൈപ്പർ റിയലിസ്റ്റികായ വ്യാജരേഖകളാണ് ഡീപ്ഫേക്കുകൾ എന്നറിയപ്പെടുന്നത്.

ഇവയെ ഈ വർഷമാദ്യം 27 രാജ്യങ്ങളിലെ യൂറോപ്യൻ യൂണിയൻ അംഗീകരിച്ച ഡിജിറ്റൽ സേവന നിയമം (DSA) എന്നറിയപ്പെടുന്ന പുതിയ ഇയു നിയമങ്ങളുമായി അപ്ഡേറ്റഡ് കോഡ് ബന്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ ഡീപ്ഫേക്കുകളില്‍ നല്ലൊരു നിയന്ത്രണം കൊണ്ടുവരാന്‍ കഴിയും. ഡിജിറ്റൽ സേവന നിയമപ്രകാരം കോഡിന് കീഴിലുള്ള തങ്ങളുടെ ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ട കമ്പനികള്‍ക്ക് ഇനി മുതല്‍ പിഴയും ചുമത്തും.