താലിബാന്റെ ഉന്നത നേതാവും 1996 മുതൽ അഫ്ഗാനിസ്ഥാൻ്റെ അമീറുമായിരുന്ന മുല്ല ഒമറിൻ്റെ മകൻ കൂടിയായ താലിബാൻ ആക്ടിംഗ് പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബ് മുജാഹിദുമായി ഇന്ത്യ ബുധനാഴ്ച ആദ്യ കൂടിക്കാഴ്ച നടത്തി. താലിബാന്റെ രണ്ടാം വരവിൽ ഇന്ത്യ ആദ്യമായിട്ടാണ് ഔദ്യോഗിക ചർച്ച നടത്തുന്നത്. യാക്കൂബും വിദേശകാര്യ ജോയിൻ്റ് സെക്രട്ടറി ജെപി സിംഗും തമ്മിലാണ് കാബൂളിൽ കൂടിക്കാഴ്ച നടത്തിയത്.
അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടത്തോടുള്ള നയത്തില്‍ ഇന്ത്യ മാറ്റം വരുത്തുന്നുവെന്നാണ് സൂചന. അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അതില്‍ നിന്ന് മാറ്റം വരുന്നതിന്റെ സൂചനയായിട്ടാണ് ഇന്ത്യന്‍ സംഘത്തിന്റെ അഫ്ഗാന്‍ ഭരണാധികാരികളുമായി നടത്തിയ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്.
ഈ വർഷം കാബൂളിലെ തൻ്റെ രണ്ടാമത്തെ സന്ദർശനത്തിനിടെ ജെ.പി. സിംഗ് താലിബാൻ ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖിയെയും മുൻ അഫ്ഗാൻ പ്രസിഡൻ്റ് ഹമീദ് കർസായിയെയും കണ്ടു. അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യാ- അഫ്ഗാന്‍ നയതന്ത്ര ബന്ധം, വ്യാപാരം, മാനുഷിക സഹായം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയായെന്ന് താലിബാന്‍ വിദേശകാര്യ മന്ത്രാലയം എക്‌സ് പോസ്റ്റില്‍ ചര്‍ച്ചയെപ്പറ്റി കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് നല്ല തുടക്കം എന്നാണ് ചര്‍ച്ചയേപ്പറ്റി വിദേശകാര്യ വക്താവ് അബ്ദുള്‍ ഖഹാര്‍ ബല്‍ഖി പറഞ്ഞത്.
കാബൂളിലെ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിക്കാതെ തന്നെ, രാജ്യത്തിന് സഹായം മാത്രമല്ല, പുനർനിർമ്മാണ ശ്രമങ്ങളിലും സഹായിക്കാൻ ഇന്ത്യ തയ്യാറാണെന്നതിൻ്റെ സൂചനയാണ് കൂടിക്കാഴ്ചയെന്ന് ഉറവിടം വെളിപ്പെടുത്താതെ അഫ്ഗാൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ അഫ്ഗാൻ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് താലിബാൻ ഉറപ്പ് നൽകി. പ്രതിരോധ മേഖലയിലെ സഹകരണത്തിനും വഴി തേടും.