അഫ്ഗാനിസ്താനില്‍ പോളിയോ വാക്സിനേഷൻ താലിബാൻ നിർത്തിവെച്ചതായി ഐക്യരാഷ്ട്രസഭ. അഫ്ഗാൻ പോളിയോ രോഗഭീഷണിയിലാണെന്ന് ആരോഗ്യവിദഗ്‌ദർ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് രോഗം പകരുന്നത് തടയാനുള്ള ശ്രമങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള താലിബാന്റെ നടപടി. സുരക്ഷാ ഭയങ്ങളും സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയാണ് ക്യാമ്പയിൻ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പിൻവലിക്കാനുള്ള അപ്രതീക്ഷ തീരുമാനം.
പോളിയോ വ്യാപനം നിർമാർജനം ചെയ്യാത്ത ലോകത്തിലെ രണ്ട് രാജ്യങ്ങൾ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും മാത്രമാണ്. പോളിയോ നിർമാർജന പരിപാടിയുമായി യുഎൻ മുന്നോട്ട് പോകുമ്പോഴാണ് ഭരണകൂടം തന്നെ പദ്ധതിയോട് വിമുഖത കാട്ടുന്നത്. വളരെക്കാലമായി രോഗം റിപ്പോർട്ട് ചെയ്യപ്പെടാത്ത പ്രവിശ്യകളിലേക്കും വൈറസ് പടർന്നു പിടിച്ചിട്ടുണ്ടെന്നാണ് യൂണിസെഫ്, ലോകാരോഗ്യ സംഘടന എന്നിവരുടെ റിപ്പോർട്ടിൽ പറയുന്നത്.
സുരക്ഷാ പ്രശ്‌നങ്ങളും വാക്‌സിനുകൾ നൽകുന്നതിൽ സ്ത്രീകളുടെ ഇടപെടലും കാരണം താലിബാൻ അഫ്ഗാനിസ്ഥാനിൽ പോളിയോ വാക്‌സിനേഷനുകൾ താൽക്കാലികമായി നിർത്തിയെന്ന് ഉന്നത ആരോഗ്യപ്രവർത്തകനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ഗാർഡിയൻ സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാമ്പയിൻ നടപ്പാക്കുന്ന രീതിയിലെ പ്രശനങ്ങൾ മൂലമാണ് താലിബാൻ ഇത് പിൻവലിക്കാൻ ഉത്തരവിട്ടത്. തെക്കൻ അഫ്ഗാനിസ്ഥാനിലാണ് മൊത്തം പോളിയോ കേസുകളുടെയും 66 ശതമാനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജനങ്ങൾക്കിടയിൽ വാക്‌സിനേഷൻ ക്യാംപുകളുടെ വിശ്വാസ്യത വളർത്തുന്നതിനായി യുഎൻ ഏജൻസികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടെയാണ് താലിബാൻ ഭരണകൂടത്തിന്റെ നിലപാടുകൾ പോളിയോ നിർമാർജനത്തിന് തിരിച്ചടിയാകുന്നത്.