പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം വിലക്കുന്നത് സംബന്ധിച്ച, രാജ്യത്തെ ഭരണകക്ഷിയായ ഇസ്ലാമിക നേതാക്കളുടെ തീരുമാനത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ അഫ്ഗാനിസ്ഥാനിൽ 600 മില്യൺ ഡോളറിന്റെ നാല് പ്രൊജക്ടുകൾ നിർത്തിവച്ചതായി ലോകബാങ്ക് അറിയിച്ചു. അഫ്ഗാനിസ്ഥാൻ റീകൺസ്ട്രക്ഷൻ ട്രസ്റ്റ് ഫണ്ടിന് (ARTF) കീഴിൽ ധനസഹായം നൽകുന്ന പദ്ധതികളാണ് മരവിപ്പിച്ചത്. രാജ്യത്തെ കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനം എന്നീ മേഖലകളെ പിന്തുണയ്ക്കുന്നതിനു വേണ്ടിയുള്ള പദ്ധതികളായിരുന്നു ഇത്.
പെൺകുട്ടികൾക്ക് സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കുന്ന തീരുമാനത്തിന്റെ പേരിൽ താലിബാനുമായി ദോഹയിൽ നടത്താനിരുന്ന യോഗങ്ങൾ യുഎസ് ഉദ്യോഗസ്ഥർ കഴിഞ്ഞയാഴ്ച റദ്ദാക്കിയിരുന്നു.
താലിബാന്‍ തീവ്രവാദികള്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അമേരിക്കന്‍ സൈന്യത്തിന്‍റെ പിന്മാറ്റത്തിന് മുമ്പേ അഫ്ഗാനിസ്ഥാന്‍റെ ഭരണാധികാരം ഏറ്റെടുത്തിരുന്നു. ഒടുവില്‍ താലിബാനുമായി നേരത്തെ ഉണ്ടാക്കിയ കരാറിന്‍റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് മുപ്പതോടെ അഫ്ഗാനിസ്ഥാനിലെ ഏറ്റവും അവസാനത്തെ അമേരിക്കന്‍ സൈനികനും സ്വന്തം രാജ്യത്തേക്ക് മടങ്ങി. രണ്ട് പതിറ്റാണ്ടിനിപ്പുറം അധികാരമേറ്റെടുത്തപ്പോള്‍ തങ്ങള്‍ പഴയ താലിബാനല്ലെന്നും പുതിയ പലതും തങ്ങള്‍ ഉള്‍ക്കൊണ്ടെന്നുമായിരുന്നു അവര്‍ അവകാശപ്പെട്ടിരുന്നത്. ഇത് ഉദാഹരണമായി അവര്‍ പറഞ്ഞിരുന്നത് പെണ്‍കുട്ടികളെ സ്കൂളില്‍ അയക്കുന്നതിന് എതിരല്ലെന്നായിരുന്നു. എന്നാല്‍, അധികാരമേറ്റെടുത്ത് ഏട്ട് മാസങ്ങള്‍ക്കിപ്പുറം തങ്ങളുടെ നയങ്ങളില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് താലിബാന്‍റെ പ്രവര്‍ത്തികള്‍ ചൂണ്ടിക്കാട്ടുന്നു.