കലാപം രൂക്ഷം; സുഡാനിൽ നിന്നും 2,744 പേരെ ഒഴിപ്പിച്ചതായി സൗദി അറേബ്യ

കലാപം രൂക്ഷമായ സുഡാനിൽ നിന്നും ഇതുവരെ 2,744 പേരെ ഒഴിപ്പിച്ചതായി സൗദി അറേബ്യ. 76 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെയാണ് സൗദി രക്ഷാ ദൗത്യത്തിന്റെ ഭാഗമായി സുഡാനിൽ നിന്നും ഒഴിപ്പിച്ചുകൊണ്ടുവന്നത്. ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്നും ഏപ്രിൽ 24ന് തുടങ്ങിയ ഒഴിപ്പിക്കൽ ദൗത്യത്തിലൂടെയാണ് ഇത്രയും പേർക്ക് സൗദി സുരക്ഷിത പാതയൊരുക്കിയത്. സൗദി വിദേശകാര്യമന്ത്രാലയമാണ് ഇതു സംബന്ധിച്ച് അറിയിച്ചത്. 110 സൗദി പൗരൻമാരുൾപ്പടെ മറ്റു രാജ്യങ്ങളിലെ പൗരന്മാരെയാണ് ഒഴിപ്പിച്ചത്.

ഇന്നലെ ജിദ്ദ തുറമുഖത്ത് എത്തിച്ചേർന്ന കപ്പലിൽ 200 പേരാണ് ഉണ്ടായിരുന്നത് നൈജീരിയ, പാകിസ്താൻ, കാനഡ, ബഹ്റൈൻ, തായ്ലൻഡ്, യുഎസ്, ലെബനൻ, അഫ്ഗാനിസ്താൻ, പലസ്തീൻ, സൊമാലിയ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ഒഴിപ്പിക്കൽ നടപടിയിലൂടെ സുരക്ഷാ പാതയൊരുക്കിയത്.

അതെ സമയം സുഡാനിൽ നിന്ന് കേന്ദ്ര സർക്കാർ തിരികെയെത്തിക്കുന്ന മലയാളികളുടെ നാട്ടിലേയ്ക്കുള്ള യാത്ര ചെലവ് സംസ്ഥാന സർക്കാർ വഹിക്കും. ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ അതത് വിമാനത്താവളങ്ങളിൽ നിന്നും നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കേരളീയ പ്രവാസികാര്യ വകുപ്പിനെ (നോർക്ക) ചുമതലപ്പെടുത്തി. സംഘർഷം രൂക്ഷമായ സുഡാനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ നടപടികൾ കൈക്കൊള്ളണമെന്നഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരത്തെ കത്തയച്ചിരുന്നു.

എന്നാൽ സുഡാനിൽ സൈനിക–- അർധസൈനിക വിഭാഗങ്ങൾക്കിടയിൽ വെടിനിർത്തൽ നീട്ടാൻ നിർദേശം നൽകിയത് ഇപ്പോഴത്തെ ഭീകരാവസ്ഥക്കു ശമനം ഉണ്ടാകാൻ കാരണമാകും എന്ന് ലോകമാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നുണ്ട്. മൂന്നുദിവസ വെടിനിർത്തൽ ധാരണയുടെ കാലാവധി വ്യാഴാഴ്ച രാത്രി അവസാനിക്കാനിരിക്കെ, മേഖലയിലെ ആഫ്രിക്കൻ വ്യാപാര കൂട്ടായ്മയായ ഐജിഎഡിയാണ്‌ ധാരണ നീട്ടാനുള്ള നിർദേശം മുന്നോട്ടുവച്ചത്‌. ദക്ഷിണ സുഡാൻ, കെനിയ, ജിബൂട്ടി എന്നീ രാജ്യങ്ങളുടെ തലവന്മാരുടെ മുൻകൈയിലാണ്‌ ശുപാർശ. സൈനിക മേധാവി ഇതിന്‌ പ്രാഥമിക അംഗീകാരം നൽകി. അർധസൈനിക വിഭാഗമായ ആർഎസ്‌എഫ്‌ പ്രതികരിച്ചിട്ടില്ല.