സാമ്പത്തികപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ നിന്ന്‌ അഭയാർഥികൾ ഇന്ത്യയിലേക്ക്‌

സാമ്പത്തികപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽനിന്ന്‌ അഭയാർഥികൾ ഇന്ത്യയിലേക്ക്‌. ബുധനാഴ്ച ജാഫ്‌നയിൽനിന്ന്‌ 16 പേര്‍ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത്‌ എത്തി. രാമനാഥപുരത്തിനടുത്തുള്ള ദ്വീപിൽനിന്നാണ്‌ ഇതിൽ മൂന്നുകുട്ടികൾ ഉൾപ്പെടെ ആറുപേരെ തീരസേന രക്ഷപ്പെടുത്തിയത്‌. ഭക്ഷ്യ, ഇന്ധന പ്രതിസന്ധിയും തൊഴിലില്ലായ്മയും രൂക്ഷമായതോടെയാണ്‌ ജീവിതമാർഗം തേടി പലരും ഇന്ത്യയിലേക്ക് കടക്കുന്നത്‌.

ലങ്കയിലെ പെട്രോൾപമ്പുകളിൽ സംഘർഷം തുടരുന്നു. മണിക്കൂറുകളോളം വരിനിന്ന മൂന്ന്‌ വയോധികർ കഴിഞ്ഞ ദിവസങ്ങളിൽ കുഴഞ്ഞുവീണ്‌ മരിച്ചു. സംഘർഷത്തിനിടയിൽ ഒരാള്‍ കുത്തേറ്റുമരിച്ചു.പേപ്പർ ദൗർലഭ്യത്തെതുടർന്ന്‌ പരീക്ഷകളെല്ലാം റദ്ദാക്കി.
വിദേശനാണ്യത്തിന്റെ ദൗർലഭ്യമാണ്‌ പ്രതിസന്ധി സൃഷ്ടിച്ചത്.

2019ൽ പള്ളികളിലേക്കുണ്ടായ ബോംബാക്രമണം രാജ്യത്തെ പ്രധാന വിദേശനാണ്യ സമ്പാദനമാർഗമായ വിനോദസഞ്ചാരമേഖലയെ ബാധിച്ചു. കോവിഡ്‌ പ്രതിസന്ധിയോടെ ഈ മേഖല നിശ്ചലമായി. അനിയന്ത്രിത കടമെടുപ്പും പ്രശ്‌നം വഷളാക്കി. പഞ്ചസാര, ധാന്യങ്ങൾ തുടങ്ങി അത്യാവശ്യ വസ്തുക്കൾപോലും ഇറക്കുമതി ചെയ്യുന്നു. വിദേശനാണ്യം ഇല്ലാതായതോടെ ഇറക്കുമതി പൂർണമായും നിലച്ചു.

ശ്രീലങ്കയില്‍ നിന്നുള്ള പലായനത്തിന്റെ തുടക്കമാണിതെന്ന് മാന്നാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ വി.എസ് ശിവകരന്‍ പറഞ്ഞു. തനിക്കറിയാവുന്ന പലരും ശ്രീലങ്ക വിടാന്‍ പദ്ധതിയിടുന്നു. ചിലര്‍ക്ക് ഇന്ത്യന്‍ ക്യാമ്പുകളില്‍ ബന്ധുക്കള്‍ ഉണ്ട്. ചിലര്‍ക്ക് തമിഴ്‌നാട്ടില്‍ ബന്ധങ്ങളുണ്ട്. ഒരാഴ്ചക്കുള്ളില്‍ ശ്രീലങ്കയില്‍ ഒരു കിലോ അരിയുടെ വില 500 രൂപയിലെത്തുമെന്ന് ഉറപ്പാണ്. നിലവില്‍ ഒരു കിലോ അരിക്ക് 290 രൂപയും, ഒരു കിലോ പഞ്ചസാരക്ക് 290 രൂപയും, 400 ഗ്രാം പാല്‍ പൊടിക്ക് 790 രൂപയുമാണ് വില. നാളെ എന്ത് സംഭവിക്കുമെന്ന പരിഭ്രാന്തിയിലാണ് ഇവിടെയുള്ളവര്‍. പാല്‍പൊടിയുടെ വില മൂന്നു ദിവസം കൊണ്ട് 250 രൂപയോളമാണ് കൂടിയത്. പേപ്പര്‍ ക്ഷാമം മൂലം ശ്രീലങ്കയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പരീക്ഷകള്‍ അനശ്ചിതകാലത്തേക്ക് മാറ്റിവെച്ചിരുന്നുവെന്നും ശിവകരനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.