ശ്രീലങ്കയിൽ പുതിയ മന്ത്രിസഭ അധികാരത്തിൽ . ഹരിണി അമരസൂര്യ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി തുടരും. കൂടാതെ വിദ്യാഭ്യാസ വകുപ്പും അവർ ഏറ്റെടുക്കും. കൊളംബോയിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് അനിരു കുമാര ദിസനായകെ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റും പ്രധാനമന്ത്രിയും അടക്കം 22 പേർ അടങ്ങുന്ന മന്ത്രിസഭയാണ് ചുമതലയേറ്റെടുത്തത്. പ്രതിരോധ, ധനകാര്യ വകുപ്പുകൾ പ്രസിഡന്റ് കൈവശം വയ്ക്കും. 225 അംഗ പാർലമെന്റിൽ 159 സീറ്റ് നേടിയാണ് ഇടതുസഖ്യമായ എൻപിപി അധികാരത്തിലെത്തിയത്.
വിജിത ഹെറാത്ത് ആണ് വിദേശകാര്യ മന്ത്രി. ജെവിപി നേതാവ് കെഡി ലാല്‍കാന്തയ്ക്കായിരിക്കും കൃഷി മന്ത്രാലയത്തിന്റെ ചുമതല. ഡോ. നളിന്ദ ജയതിസ്സയെ ആരോഗ്യ-മാസ് മീഡിയ മന്ത്രിയായും വസന്ത സമരസിംഗ വാണിജ്യ മന്ത്രിയായും സാമന്ത വിദ്യാരത്ന പ്ലാന്റേഷന്‍ വ്യവസായ മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
ശ്രീലങ്കയിൽ അധികാരമേൽക്കുന്ന പുതിയ സർക്കാർ അഴിമതിയെ അകറ്റിനിർത്തി സാമൂഹ്യനീതിയിലധിഷ്‌ഠിതമായി പ്രവർത്തിക്കുമെന്ന് മാർക്‌സിസ്‌റ്റ്–-ലെനിനിസ്‌റ്റ് പാർടിയായ ജനതാ വിമുക്തി പെരമുനയുടെ ജനറൽ സെക്രട്ടറി ടിൽവിൻ സിൽവ പറഞ്ഞു. ശ്രീലങ്കയിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കണ്ട് സാമൂഹികനീതി ഉറപ്പാക്കുംവിധമായിരിക്കും സർക്കാരിന്റെ പ്രവർത്തനം. ഇതുവരെയുള്ള സർക്കാരുകൾ അവരുടെ കുടുംബത്തിന്റെ വികസനത്തിനും നിക്ഷിപ്‌ത താൽപര്യങ്ങൾക്കുമാണ് ഊന്നൽ നൽകിയത്. രാജ്യത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളെ കണ്ടറിഞ്ഞ് യാഥാർഥ്യബോധത്തോടെ അത് പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഈ സർക്കാർ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.