മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിന് കുത്തേറ്റു

ദക്ഷിണ കൊറിയയിൽ പ്രതിപക്ഷ നേതാവ് ലീ ജേ മ്യുങ്ങിന് ആൾക്കൂട്ടത്തിനിടയിൽ വച്ച് കുത്തേറ്റു. ഡമോക്രാറ്റിക് പാര്‍ട്ടി നേതാവ് കൂടിയായ ലീ ജേ മ്യുങ്ങിന് കഴുത്തില്‍ ആണ് കുത്തേറ്റത്. ഓട്ടോഗ്രാഫ് ചോദിച്ചെത്തിയാണ് അക്രമി കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുസാനിൽ വച്ചാണ് സംഭവം. ആക്രമണദൃശ്യങ്ങള്‍ ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ലീ കുഴഞ്ഞുവീഴുന്നതും സഹായികൾ തൂവാല കൊണ്ട് അദ്ദേഹത്തിന്റെ കഴുത്തില്‍ അമര്‍ത്തുന്നതും ദൃശ്യങ്ങളിലുണ്ട്. അക്രമിയെ ബല പ്രയോഗത്തിലൂടെ പോലീസ് അറസ്റ്റ് ചെയ്തു.

ബുസാനില്‍ നിര്‍ദിഷ്ട വിമാനത്താവള പദ്ധതി പ്രദേശത്ത് സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ലീ ജേ മ്യുങ്ങ് ആക്രമിക്കപ്പെട്ടത്. ഉടന്‍ തന്നെ ലീയെ ആംബുലൻസിൽ കയറ്റി സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. രക്തസ്രാവമുണ്ടായെങ്കിലും ബോധം നഷ്ടമായിരുന്നില്ല. പിന്നീട് ഹെലികോപ്റ്ററിൽ അദ്ദേഹത്തെ പുസാൻ നാഷണൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഇത് ലീക്കെതിരായ ഭീകരപ്രവർത്തനമാണെന്നും ഒരു സാഹചര്യത്തിലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും ഡെമോക്രാറ്റിക് പാർട്ടി എംപി ക്വോൺ ചിൽ സിയുങ് പ്രതികരിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലീ ജെയ് മ്യുങ്ങിന്റെ സുരക്ഷയില്‍ പ്രസിഡന്‍റ് യൂന്‍ സുക് ആശങ്ക രേഖപ്പെടുത്തി. 2022ല്‍ നടന്ന വാശിയേറിയ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ലീയും മത്സരിച്ചിരുന്നു. 2027ൽ അദ്ദേഹം വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.