ദക്ഷിണാഫ്രിക്കൻ പാർലമെന്റ് മന്ദിരത്തിൽ വൻ തീപിടിത്തം

ദക്ഷിണാഫ്രിക്കൻ പാർലമെന്റ് മന്ദിരത്തിൽ വൻ തീപിടിത്തം. കേപ് ‍ടൗണിലെ കെട്ടിടത്തിന് മുകളിൽനിന്ന് തീ ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അഗ്നിശമനസേന തീയണക്കാനുള്ള ശ്രമം നടത്തുകയാണ്. കെട്ടിടത്തിന്റെ മേൽക്കൂരയ്ക്കാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമായിട്ടില്ലെന്നും കെട്ടിത്തിന്റെ ഭിത്തികളിൽ വിള്ളലുണ്ടായിട്ടുണ്ടെന്നും നഗരത്തിലെ എമർജൻസി സർവീസുകളുടെ വക്താവ് പറഞ്ഞു.

“മേൽക്കൂരയ്ക്ക് തീപിടിച്ചു, ദേശീയ അസംബ്ലി കെട്ടിടത്തിനും തീപിടിച്ചിരിക്കുന്നു,” കേപ്ടൗണിലെ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി മേയർ കമ്മിറ്റി അംഗം ജെപി സ്മിത്ത് പറഞ്ഞു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, തീപിടുത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.

നാഷണൽ അസംബ്ലിയും നാഷണൽ കൗൺസിൽ ഓഫ് പ്രൊവിൻസുകളും ഉൾപ്പെടെ ദക്ഷിണാഫ്രിക്കയുടെ പാർലമെന്റിന്റെ ആസ്ഥാനമാണ് കേപ്ടൗൺ, കേപ്ടൗണിലെ പാർലമെന്റ് ഹൗസുകൾ മൂന്ന് വിഭാഗങ്ങൾ ഉൾക്കൊള്ളുന്നു, 1884-ൽ പൂർത്തിയാക്കിയ ഏറ്റവും പഴയ കെട്ടിടം ഉൾപ്പെടെ. 1920-കളിലും 1980-കളിലും നിർമ്മിച്ച കെട്ടിടങ്ങൾ അടങ്ങിയതാണ് പാർലമെന്റ് കെട്ടിടം.

ഏപ്രിലിൽ, കേപ് ടൗണിലെ ടേബിൾ മൗണ്ടനിൽ നടന്ന ഒരു തീ പിടുത്തത്തിൽ ആഫ്രിക്കൻ ആർക്കൈവുകളുടെ അതുല്യ ശേഖരം ഉണ്ടായിരുന്ന സർവകലാശാലയുടെ ലൈബ്രറിയുടെ ഒരു ഭാഗം കത്തി നശിച്ചിരുന്നു.