‘ഗാസയിലേത് വംശഹത്യ തന്നെ’; ഇസ്രയേലിനെതിരെ യുദ്ധക്കുറ്റ ഹർജിയുമായി ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര കോടതിയിൽ

ഗാസയില്‍ ഇസ്രായേൽ നടത്തുന്നത് ‘വംശഹത്യ’ ആണെന്ന് ആരോപിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ യുദ്ധക്കുറ്റ ഹർജി ഫയൽ ചെയ്ത് ദക്ഷിണാഫ്രിക്ക. ഇസ്രയേലിന്റെ ‘കൊളോണിയൽ അധിനിവേശത്തിനും വംശവിവേചന ഭരണത്തിനും’ കീഴിൽ പലസ്തീനികൾ ദുരിതമനുഭവിക്കുകയാണെന്നും കൂടുതൽ അപകടങ്ങളിൽനിന്ന് അവരെ സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ദക്ഷിണാഫ്രിക്കയുടെ ഹർജി. പലസ്തീൻ ജനതയെ സംരക്ഷിക്കാൻ കോടതി ഉടൻ നടപടിയെടുക്കണമെന്നും വംശഹത്യ അവസാനിപ്പിക്കാൻ ആവശ്യപ്പെടണമെന്നും ഹർജിയിൽ ദക്ഷിണാഫ്രിക്ക ആവശ്യപ്പെടുന്നതായി അന്താരാഷ്ട്ര നീതിന്യായ കോടതി വ്യക്തമാക്കി.

അതെ സമയം ദക്ഷിണാഫ്രിക്കയുടെ അവകാശവാദങ്ങളും കോടതിയിലേക്കുള്ള അപേക്ഷയും ഇസ്രായേൽ നിരസിച്ചു, “ദക്ഷിണാഫ്രിക്ക ഇസ്രായേൽ രാഷ്ട്രത്തെ നശിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നുവെന്നും അവരുടെ അവകാശവാദത്തിന് വസ്തുതാപരവും നിയമപരവുമായ അടിസ്ഥാനമില്ലെന്നും” ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. “ഇസ്രായേൽ അന്താരാഷ്ട്ര നിയമത്തോട് പ്രതിജ്ഞാബദ്ധമാണ്, അതിന് അനുസൃതമായി പ്രവർത്തിക്കുന്നു, ഹമാസ് തീവ്രവാദ സംഘടനയ്ക്കും ഹമാസുമായി സഹകരിക്കുന്ന മറ്റ് തീവ്രവാദ സംഘടനകൾക്കും എതിരെ മാത്രമേ സൈനിക ശ്രമങ്ങൾ നയിക്കുന്നുള്ളൂ,” അവർ കൂട്ടിച്ചേർത്തു. ഒക്‌ടോബർ 7 ന് ഹമാസിന്റെ മാരകമായ ഭീകരാക്രമണങ്ങൾക്കും തട്ടിക്കൊണ്ടുപോകൽ ആക്രമണത്തിനും മറുപടിയായി ഇസ്രായേൽ നടത്തിയ വ്യോമാക്രമണവും ഗാസയിലെ കര അധിനിവേശവും ജനസാന്ദ്രതയുള്ള തീരപ്രദേശത്ത് വ്യാപകമായ നാശം വിതച്ചു, ഇത് സഹായ സംഘങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും പ്രതിഷേധത്തിന് കാരണമായതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടി കാണിക്കുന്നത്.

ഗാസയിൽ ഇസ്രായേൽ “വിവേചനരഹിതമായ ബോംബാക്രമണം” നടത്തുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഈ മാസം ആദ്യം പറഞ്ഞിരുന്നു. ഹമാസുമായുള്ള യുദ്ധത്തിൽ ഇസ്രായേൽ ഗാസയിൽ ഉപയോഗിച്ച വ്യോമ-നിലത്തിലേക്കുള്ള യുദ്ധോപകരണങ്ങളിൽ പകുതിയും മാർഗനിർദേശമില്ലാത്തവയാണെന്ന് യുഎസ് രഹസ്യാന്വേഷണ വിലയിരുത്തൽ സൂചിപ്പിക്കുന്നു, ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രയേൽ കടന്നാക്രമണത്തിൽ ഗാസയിൽ കുറഞ്ഞത് 21,507 ആളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്. 55,915 പേർക്ക് പരുക്കേറ്റു. ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ 1,139 പേരാണ് കൊല്ലപ്പെട്ടത്. ഗാസയിലെ അധിനിവേശം 85-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ ജനവാസമേഖലകളിലേക്ക് ആക്രമണം തുടരുകയാണ് ഇസ്രയേൽ. റഫാ അതിർത്തിയിലും രൂക്ഷമായ പോരാട്ടം നടക്കുകയാണെന്ന് വിവിധ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.