ദക്ഷിണാഫ്രിക്കയിൽ പൊതു തെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നു തുടങ്ങിയപ്പോൾ മൂന്നു പതിറ്റാണ്ടായി രാജ്യം ഭരിക്കുന്ന ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് (എ എൻ സി) പാർട്ടിക്ക് ഭൂരിപക്ഷം തികക്കാനാകില്ലെന്നു സൂചന. 90 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍, നെല്‍സണ്‍ മണ്ടേല സ്ഥാപിച്ച എ എൻ സി പാര്‍ട്ടിക്ക് കിട്ടിയിരിക്കുന്നത് 42 ശതമാനം വോട്ടാണ്. മുന്‍ പ്രസിഡന്റ് ജേക്കബ് സുമയുടെ എംകെ പാര്‍ട്ടി 13.69 ശതമാനം വോട്ടും, പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റിക് അലയന്‍സ് 21.72 ശതമാനം വോട്ടും, ഇടത് പാര്‍ട്ടിയായ എക്കോണമിക് ഫ്രീഡം ഫൈറ്റേഴ്‌സ് 13.46 ശതമാനം വോട്ടാണ് നേടിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് തൂക്കു മന്ത്രിസഭക്ക് ആണ് കളം ഒരുങ്ങിയിരിക്കുന്നത്.
1994 -ൽ വർണവിവേചനം അവസാനിപ്പിച്ച് നെൽസൺ മണ്ടേല പ്രസിഡന്റ് ആയതിനു ശേഷം ആദ്യമായാണ് എ എൻ സിക്ക് ഭൂരിപക്ഷം നഷ്ടമാകുന്നത്. . 2019-ലെ 57.5 ശതമാനം വോട്ടില്‍ നിന്നാണ് ഇത്തവണ അവർ 42 ശതമാനഅത്തിലേക്ക് കൂപ്പു കുത്തിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ദക്ഷിണാഫ്രിക്കയില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തനിച്ച് ഭൂരിപക്ഷം നേടാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ എ എൻ സി സുമയുടെ പാര്‍ട്ടിയുമായോ ഇടത് പാര്‍ട്ടിയായ ഇഎഫ്എഫുമായോ സഖ്യത്തിന് ശ്രമിച്ചേക്കും എന്നാണ് സൂചന. തെരഞ്ഞെടുപ്പ് കമ്മീഷൻ ഞായറാഴ്ച അന്തിമ ഫലം പ്രഖ്യാപിക്കുമെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.