സമൂഹ മാധ്യമങ്ങൾ നിശ്ചലം; ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം ഇരുട്ടിലായിട്ട് മണിക്കൂറുകൾ

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ പ്രവര്‍ത്തനം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തടസപ്പെട്ടു. പലര്‍ക്കും സേവനങ്ങള്‍ തടസപ്പെട്ടതായി ട്വിറ്ററിലൂടെയാണ് പുറംലോകമറിഞ്ഞത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് പലര്‍ക്കും സേവനങ്ങള്‍ നഷ്ടമായതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമുമെല്ലാം ഫേസ്ബുക്കിന്റെ കീഴിലാണ്. ഇന്ത്യയില്‍ ഈ മൂന്ന് പ്ലാറ്റ്‌ഫോമുകള്‍ക്കും വലിയ ഉപയോക്താക്കളുണ്ട്. ചില സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തനങ്ങളില്‍ തടസം നേരിട്ടതാണെന്നാണ് ഫേസ്ബുക്കിന്‍റെ അറിയിപ്പ്. ഇതിൽ ഖേദിക്കുന്നുവന്നും എല്ലാം ശരിയാകുമെന്നും ഫേസ്ബുക്ക് ഉപയോക്താക്കൾക്കായി പുറത്തിറക്കിയ സന്ദേശത്തില്‍ വ്യക്തമാക്കി. ഫേസ്ബുക്ക് സേവനങ്ങള്‍ തടസ്സപ്പെട്ടതിനെ കുറിച്ച് നിരവധി ആളുകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. തടസം നേരിട്ടുന്നുണ്ടെന്ന് വാട്സ് ആപ്പും സ്ഥിരീകരിച്ചു. വാട്സ്ആപ്പ് പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കുകയാണെന്ന് ട്വിറ്ററിലൂടെയാണ് കമ്പനി സ്ഥിരീകരിച്ചത്. പ്രശ്നം എത്രയും പെട്ടന്ന് പരിഹരിക്കുമെന്നും ഉപയോക്താക്കളുടെ ക്ഷമയ്ക്ക് നന്ദിയെന്നും വാട്സാപ്പ് ട്വീറ്റ് ചെയ്തു. എന്നാല്‍, സേവനങ്ങള്‍ എപ്പോള്‍ പുനഃസ്ഥാപിക്കപ്പെടും എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.