വെടിവയ്പിൽ പരിക്കേറ്റ സ്ലൊവാക്യന്‍ പ്രധാനമന്ത്രി അപകടനില തരണം ചെയ്തതായി ഉപപ്രധാനമന്ത്രി

വെടിവയ്പിൽ പരിക്കേറ്റ സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബർട്ട് ഫിക്കോ അപകടനില തരണം ചെയ്തതായി ഉപപ്രധാനമന്ത്രി തോമസ് തരാബ. നിരവധി തവണ വെടിയേറ്റ പ്രധാനമന്ത്രിയുടെ ശസ്ത്രക്രിയ കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് ഫിക്കോയ്ക്ക് നേരെ വെടിവെപ്പുണ്ടായത്. സെൻട്രൽ ടൗണായ ഹാൻഡ്‌ലോവയിൽ സർക്കാർ യോഗത്തിൽ നിന്ന് പുറത്തുപോകുന്നതിനിടെയാണ് ഫിക്കോക്കു വെടിയേറ്റത്. പോലീസ് സംഭവസ്ഥലം സീൽ ചെയ്യുകയും ഒരാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.

ഫിക്കോ സ്ലോവാകിയയിലെ സെൻട്രൽ ടൗണായ ഹാൻഡ്‌ലോവയിലെ ഒരു സാംസ്കാരിക കമ്മ്യൂണിറ്റി സെൻ്ററിന് മുന്നിൽ ആളുകളെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോർട്ടുകള്‍. ഫിക്കോയുടെ വയറിലും കൈയിലും കാലിലുമാണ് വെടിയേറ്റത്. വെടിയേറ്റ ഉടൻ തന്നെ ഫിക്കോയെ ഹെലികോപ്റ്ററിൽ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് ബൈസ്ട്രിക്കയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

യുക്രൈനിനുള്ള സൈനിക സഹായവും റഷ്യയ്‌ക്കെതിരായ ഉപരോധവും അവസാനിപ്പിക്കാൻ റോബർട്ട് ഫിക്കോ നേരത്തെ ആവശ്യപ്പെട്ടത് സ്ലൊവാക്കിയയിലും യൂറോപ്യൻ യൂണിയനിലും ഭിന്നത സൃഷ്ടിച്ചിരുന്നു. അതെ സമയം രാജ്യത്ത് പ്രധാനമന്ത്രിയുടെ നിലപാടുകളോട് എതിർപ്പുകളുണ്ടെങ്കിലും അദ്ദേഹത്തിനെതിരെയുണ്ടായ അക്രമം പ്രതിപക്ഷ നേതാക്കൾ അടക്കം അപലപിച്ചു.