പ്രകമ്പനം കൊണ്ട് തായ്‌വാൻ; ഒറ്റ രാത്രിയിൽ എൺപതിലധികം ഭൂചലനങ്ങൾ

തുടർച്ചയായ ഭൂകമ്പങ്ങളിൽ ഞെട്ടിവിറച്ച് തായ്‍വാൻ. തിങ്കളാഴ്ച രാത്രി തുടങ്ങി ചൊവാഴ്ച പുലർച്ചെ വരെ എൺപതിലധികം ഭൂചലനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. തായ്പേയ്ക്കും തായ്വാന്റെ കിഴക്കൻ മേഖലയിലുമായാണ് ചെറുചലനങ്ങൾ ഉണ്ടായത്. ഭൂചലനങ്ങളിൽ ഭൂരിപക്ഷവും. റിക്ടർ സ്കെയിലിൽ 4.5 മുതൽ 6 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഭൂചലനങ്ങളിൽ തായ്പേയിൽ കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടാക്കി.

ഏപ്രിൽ ആദ്യവാരത്തിലുണ്ടായ ഭൂകമ്പത്തിൽ 14 പേരാണ് തായ്വാനിൽ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ നിരവധി തുടർചലനങ്ങളാണ് തായ്വാനിലുണ്ടായത്. ഈ തുടർ ചലനങ്ങൾ പ്രതീക്ഷിക്കപ്പെട്ടതാണെന്നാണ് തായ്വാനിലെ സീസ്മോളജി സെന്ററിന്റെ പ്രതികരണം. ശക്തമായ മഴ കൂടിയാണ് ഈ ആഴ്ച തായ്വാനിൽ പ്രവചിച്ചിട്ടുള്ളത്. അതിനാൽ മറ്റ് നാശനഷ്ടങ്ങളുണ്ടാവാനുള്ള സാധ്യത അവഗണിക്കുന്നില്ലെന്നാണ് സീസ്മോളജി വിഭാഗം വിശദമാക്കുന്നത്. 25 വർഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനം ആയിരുന്നു തായ്‌വാനിൽ ഏപ്രിൽ ആദ്യവാരം ഉണ്ടായത്.

അതെ സമയം ശക്തമായ ഭൂകമ്പങ്ങൾ തായ്‍വാന് അപരിചിതമല്ല. രാജ്യത്ത് കർശനമായ നിർമ്മാണ മാനദണ്ഡങ്ങളും ഭൂകമ്പങ്ങളെക്കുറിച്ച് പൊതുബോധമുണ്ടാക്കാനുള്ള ശ്രമങ്ങളും അധികൃതർ നടത്താറുണ്ട്. 2016 ൽ തെക്കൻ തയ്‌വാനിലുണ്ടായ ഭൂകമ്പത്തിൽ നൂറിലധികം പേർ മരിച്ചിരുന്നു. 1999 ൽ റിക്ടർ സ്‌കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ രണ്ടായിരത്തിലധികം പേരാണ് മരിച്ചത്.