സിംഗപ്പൂരിൽ കോവിഡ് കേസുകളിൽ വർധന; മാസ്ക് ധരിക്കാനും വാക്സീൻ സ്വീകരിക്കാനും നിർദേശം

സിംഗപ്പൂരില്‍ കോവിഡ് കേസുകൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ അടിയന്തര നടപടികളുമായി അധികൃതര്‍. എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് സിംഗപ്പൂര്‍ ആരോഗ്യമന്ത്രി ഓങ് യി കുങ് ആവശ്യപ്പെട്ടു. കഴിഞ്ഞ 12 മാസത്തിനിടെ കോവിഡ് വാക്സീൻ സ്വീകരിച്ചിട്ടില്ലാത്ത രോഗികളും പ്രായമായവരും ഒരു ഡോസ് കൂടി സ്വീകരിക്കുന്നത് അഭികാമ്യമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ‘സിംഗപ്പൂരിൽ ഇപ്പോൾ ഏതെങ്കിലും തരത്തിലുള്ള സാമൂഹിക നിയന്ത്രണങ്ങൾക്കോ ​​മറ്റേതെങ്കിലും നിർബന്ധിത നടപടികൾക്കോ ​​പദ്ധതികൾ ഇല്ല.’ ഓങ് യി കുങ് കൂട്ടിച്ചേർത്തു.

പുതിയ കോവിഡ് വകഭേദത്തിന്റെ വ്യാപനം ശ്രദ്ധയോടെ നിരീക്ഷിക്കുകയാണെന്നു സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 13,700 കോവിഡ് കേസുകളാണെങ്കില്‍, മെയ് 5 മുതല്‍ 11 വരെയുള്ള ഒരാഴ്ച രേഖപ്പെടുത്തിത് അതിന്റെ ഇരട്ടിയോളമാണ് അതായത് എകെഎദേശം 25,900 കേസുകള്‍. കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 250 പേരെയാണ് പുതുതായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 181 മാത്രമായിരുന്നു.

കോവിഡ് കേസുകൾ സുഗമമായി കൈകാര്യം ചെയ്യുന്നതിന്, അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകൾ നീട്ടിവയ്ക്കാൻ ആശുപത്രികൾക്കു നിർദേശം നൽകി. പരമാവധി രോഗികളെ കെയർ സെന്ററുകളിലേക്കു മാറ്റും.