ബംഗ്ലാദേശ് കലാപം; രാജ്യം വിട്ട ഷെയ്ഖ് ഹസീന ദില്ലിയിൽ

സർക്കാർ വിരുദ്ധ കലാപം ആളിക്കത്തുന്നതിനിടെ പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച് ബംഗ്ലദേശ് വിട്ട ഷെയ്ഖ് ഹസീന ദില്ലിയിലെത്തി. സൈനിക ഹെലികോപ്റ്ററിൽ ഹിൻഡൻ വ്യോമസേനത്താവളത്തിലാണ് ഷെയ്ഖ് ഹസീന വന്നിറങ്ങിയത്. ഇന്ത്യൻ എയർഫോഴ്സിലെ മുതിർന്ന ഉദ്യോഗസ്ഥർ ചേര്‍ന്ന് ഷെയ്ഖ് ഹസീനയെ സ്വീകരിച്ചു. അതെ സമയം ഷെയ്ഖ് ഹസീന ദില്ലിയിൽ നിന്ന് ലണ്ടനിലേക്ക് പോകുമെന്നാണ് നിലവിലെ സൂചന. ഹസീനയുടെ സഹോദരിയും അവരെ അനുഗമിക്കുന്നുണ്ട്.

അതെ സമയം ഷെയ്ഖ് ഹസീന രാജിവച്ചതിന് പിന്നാലെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. രാജ്യത്തെ ഉടൻ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് ബംഗ്ലദേശ് ചീഫ് ഓഫ് ആർമി സ്റ്റാഫ് വേക്കർ ഉസ് സമാൻ പ്രഖ്യാപിച്ചു. നേരത്തെ, 45 മിനിറ്റുളളിൽ രാജിവെയ്ക്കണമെന്ന് സൈന്യം പ്രധാനമന്ത്രിക്ക് അന്ത്യശാസനം നൽകിയിരുന്നു. ഇതേ തുടർന്നാണ് ഷെയ്ഖ് ഹസീന രാജി സമർപ്പിച്ച് രാജ്യം വിട്ടത്. ഞായറാഴ്ച പ്രതിഷേധം രൂക്ഷമായെങ്കിലും പ്രക്ഷോഭകാരികളെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അക്രമികളെ ശക്തമായി നേരിടുമെന്നു നിലപാടിലായിരുന്നു. എന്നാൽ, സൈന്യം നേരിട്ട് നിലപാട് അറിയിച്ചതോടെയാണ് തീരുമാനം മാറ്റിയത്.

ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായും സിവില്‍ സൊസൈറ്റി മെമ്പര്‍മാരുമായും സംസാരിച്ചതായും സൈനിക മേധാവി വാകര്‍ ഉസ് സമാന്‍ അറിയിച്ചു. സാഹചര്യം മെച്ചമായാല്‍ അടിയന്തരാവസ്ഥ തുടരേണ്ടി വരില്ല. വിദ്യാര്‍ഥികള്‍ ശാന്തരാകുകയും പുതിയ സര്‍ക്കാരിനോട് സഹകരിക്കുകയും വേണമെന്നും സൈനിക മേധാവി വാകര്‍ ഉസ് സമാന്‍ പറഞ്ഞു

ഹസീനയുടെ രാജിയെക്കുറിച്ചുള്ള വാർത്തകർ പുറത്തുവന്നതോടെ അവരുടെ ഔദ്യോഗിക വസതിയിലേക്ക് പ്രക്ഷോഭകർ ഇരച്ചുകയറുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.